ബംഗാളില്‍ ബിജെപി- തൃണമൂല്‍ പോരാട്ടം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

By Web TeamFirst Published May 19, 2019, 8:30 PM IST
Highlights

ഇടതുപക്ഷത്തിന് ഒരൊറ്റ സീറ്റ് പോലും ബംഗാളില്‍ ലഭിച്ചേക്കില്ലെന്ന് അഞ്ചില്‍ നാല് സര്‍വ്വേകളും പ്രവചിക്കുന്നു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ അതിശക്തമായ മത്സരം നടക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 2014-ലെ രണ്ട് സീറ്റുകളില്‍ നിന്നും കാര്യമായ മുന്നേറ്റം ബിജെപി ഇക്കുറി നടത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നുണ്ടെങ്കിലും ആകെയുള്ള 42 സീറ്റില്‍ എത്രയെണ്ണം വരെ ബിജെപിക്ക് നേടാനാവും എന്ന കാര്യത്തില്‍ പല സര്‍വേകളും പലതരം പ്രവചനങ്ങളാണ് നടത്തുന്നത്. അതേസമയം ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 

2014-ല്‍ വെറും രണ്ട് സീറ്റ് നേടി ബിജെപി ഇക്കുറി 11 സീറ്റുകള്‍ വരെ നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. 2014-ല്‍ 2 സീറ്റുകള്‍ നേടിയ ഇടതുപക്ഷം ഇക്കുറി ബംഗാളില്‍ ഒരു സീറ്റില്‍ ഒതുങ്ങും നാല് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ നഷ്ടപ്പെടുമെന്നും ടൈസ് നൗ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റുകള്‍ വരെ നേടുമെന്നാണ് സീവോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്  ബിജെപി ഇവിടെ 11 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ ജയിക്കുമെന്നും. ഇടതുപക്ഷം അക്കൗണ്ട് തുറക്കില്ലെന്നും സര്‍വേ പറയുന്നു. 

പശ്ചിമബംഗാളില്‍ 18 മുതല്‍ 26 വരെ സീറ്റുകള്‍ ജന്‍കീ ബാത്ത് സര്‍വ്വേ ബിജെപിക്ക് പ്രവചിക്കുന്നു. യുപിഎ മൂന്ന് സീറ്റുകള്‍ നേടും. തൃണമൂല്‍ കോണ്‍ഗ്രസ് 13 മുതല്‍ 21 വരെ സീറ്റുകള്‍ നേടിയേക്കും. സിപിഎം അക്കൗണ്ട് തുറന്നേക്കില്ല. 

പശ്ചിമബംഗാളില്‍ 19 മുതല്‍ 22 വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്ന് ഇന്ത്യാടുഡേ സര്‍വ്വേ പ്രവചിക്കുന്നു. ബിജെപി 19 മുതല്‍ 23 സീറ്റുകള്‍ വരെ നേടിയേക്കും. കോണ്‍ഗ്രസ് ഒരു സീറ്റ് വരെ നേടാമെന്നാണ് ഇന്ത്യാ ടുഡേ പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ല. 

അതേസമയം സിഎന്‍എന്‍-ന്യൂസ് 18 സര്‍വ്വേ തൃണമൂല്‍ തരംഗമാണ് പശ്ചിമബംഗാളില്‍ പ്രവചിക്കുന്നത്. 36 മുതല്‍ 38 വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ബിജെപി മൂന്ന് മുതല്‍ നാല് വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ലഭിച്ചേക്കാം. ഇടതുപക്ഷം ഇക്കുറി അക്കൗണ്ട് തുറന്നേക്കില്ല. 


 


ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!