ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ വ്യാജ പ്രചരണം; ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കല്‍ പരാതി നല്‍കി

Published : Apr 18, 2019, 10:59 AM ISTUpdated : Apr 18, 2019, 11:00 AM IST
ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ വ്യാജ പ്രചരണം; ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കല്‍ പരാതി നല്‍കി

Synopsis

ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഇടുക്കി രൂപതയുടെ അംഗീകാരമില്ലെന്നും കർഷക ആത്മഹത്യകളടക്കമുള്ള സമകാലിക സാഹചര്യം വിലയിരുത്തി ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. 

ഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ പ്രചരിച്ച സന്ദേശത്തെ ചൊല്ലി ഇടുക്കിയിൽ തർ‍ക്കം രൂക്ഷം. സമിതി പിരിച്ചുവിട്ടെന്നുള്ള വ്യാജ പ്രചരണത്തിന് പിന്നിൽ കോൺഗ്രസെന്ന് കാണിച്ച് സമിതി കൺവീനർ ഫാദർ കൊച്ചുപുരയ്ക്കൽ പൊലീസിൽ പരാതി നൽകി. എന്നാൽ സമിതി അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ദി വോയ്സ് ഓഫ് ഇടുക്കി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന്‍റെ ഫോട്ടോ പതിച്ച സന്ദേശം പ്രചരിച്ചത്. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഇടുക്കി രൂപതയുടെ അംഗീകാരമില്ലെന്നും കർഷക ആത്മഹത്യകളടക്കമുള്ള സമകാലിക സാഹചര്യം വിലയിരുത്തി ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ തന്‍റെ അറിവോടെയല്ല പ്രചാരണമെന്ന് കൊച്ചുപുരയ്ക്കൽ പറഞ്ഞു. 

ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിൽ വിറളിപൂണ്ട കോൺഗ്രസുകാരാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നും കൊച്ചുപുരയ്ക്കൽ ആരോപിച്ചു. നവമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശത്തിന്‍റെ കോപ്പി സഹിതം ഇടുക്കി എസ്‍പിക്ക് പരാതിയും നൽകി.

എന്നാൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജ് 2013ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ രൂപീകരിച്ചതാണെന്നും പിന്നീട് 2019 ഏപ്രിലിൽ വോയ്സ് ഓഫ് ഇടുക്കി എന്ന് പേര് മാറ്റുകയായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. തെറ്റായ വാർത്തയിലൂടെ യുഡിഎഫ് സ്ഥാനാർത്ഥിയെ ലക്ഷ്യം വച്ച് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനും എസ്‍പിക്കും പരാതി നൽകി.

കസ്തൂരി രംഗൻ വിവാദം ഒഴിഞ്ഞ് നിൽക്കുന്ന തെരഞ്ഞെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങളിലൂടെ ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും ചർച്ചയാകുമ്പോൾ തെരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിക്കുമോ എന്നാണ് ഇടുക്കിക്കാർ ഉറ്റുനോക്കുന്നത്.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?