കള്ളവോട്ട്: റീ പോളിംഗ് വേണം, സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്, സിപിഎം പ്രതിരോധത്തിൽ

By Web TeamFirst Published Apr 27, 2019, 6:12 PM IST
Highlights

കള്ളവോട്ടാരോപണത്തിൽ ആഞ്ഞടിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തന്നെ വെബ് കാസ്റ്റിംഗിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നതിനാൽ സിപിഎം കടുത്ത പ്രതിരോധത്തിലാണ്. 

തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലുൾപ്പെട്ട കല്യാശ്ശേരിയിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. കല്യാശ്ശേരിയിലെ എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും നടന്ന കള്ളവോട്ടിന്‍റെ ദൃശ്യങ്ങൾ സഹിതമാകും കാസർകോട്ടെയും കണ്ണൂരിലെയും സ്ഥാനാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുക. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ പറയുന്നു.

പഴുതടച്ച് നടത്തിയ തെരഞ്ഞെടുപ്പെന്ന് പറഞ്ഞിട്ടും, ഇത്തരം ദൃശ്യങ്ങൾ പുറത്തു വന്നത് സിപിഎമ്മിനെ തെല്ലൊന്നുമല്ല വെട്ടിലാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തന്നെ വെബ് കാസ്റ്റിംഗിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നതിനാൽ സിപിഎം കടുത്ത പ്രതിരോധത്തിലാണ്. 

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‍മോഹൻ ഉണ്ണിത്താൻ. ആ ദൃശ്യങ്ങൾ പരസ്യമായി പ്രദർശിപ്പിക്കും. കള്ളവോട്ട് ചെയ്യാൻ കൂട്ടുനിന്നത് ഉദ്യോഗസ്ഥർ തന്നെയായിരുന്നെന്നും, കളക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുക്കുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. 

ബിഎൽഒ തലം തൊട്ട് കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. കള്ളവോട്ട് നടന്നെന്ന് കണ്ണൂരിലെയും കാസർകോട്ടെയും സ്ഥാനാർത്ഥികൾ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് പല ബൂത്തുകളിലും 90-ന് മുകളിൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഇപ്പോൾ ദൃശ്യങ്ങൾ പുറത്തു വന്ന ബൂത്തുകളിൽ റീ പോളിംഗ് വേണം. ഇതിനെതിരെ നിയമനടപടിയുണ്ടാകും. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിക്കണം - മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

കോൺഗ്രസ് ദേശീയ നേതൃത്വവും വിഷയത്തിലിടപെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്ന് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‍വി, ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതികരിച്ചു.

click me!