'കള്ളവോട്ടിന് വീഡിയോ തെളിവുണ്ട്, കോടതിയിൽപ്പോകും': സിപിഎമ്മിനെതിരെ വീണ്ടും കെ സുധാകരൻ

By Web TeamFirst Published Apr 24, 2019, 12:58 PM IST
Highlights

മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്തില്‍ പോലും ജനാധിപത്യം സംരക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥ, വരാതിരുന്ന വോട്ടര്‍മാരുടെയെല്ലാം വോട്ടുകള്‍ ബൂത്തില്‍ കുത്തിയിരുന്നു കള്ളവോട്ട് ചെയ്തുവെന്ന് സുധാകരന്‍

കണ്ണൂര്‍: കണ്ണൂരിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ടെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ബൂത്തില്‍ അടക്കം കള്ളവോട്ട് നടന്നുവെന്ന് സുധാകരന്‍ ആരോപിക്കുന്നു. തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നു . സുരക്ഷാ സജ്ജീകരണങ്ങളിൽ പോരായ്മ ഉണ്ടായെന്നും സുധാകരന്‍ ആരോപിക്കുന്നു. വീഡിയോ അടക്കമുള്ള തെളിവുകൾ വച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. കൃത്യമായ കണക്ക് പുറത്ത് വിടുമെന്നും സുധാകരൻ കണ്ണൂരില്‍ പറഞ്ഞു.  

നമ്മുടെ വോട്ടര്‍മാര്‍ കൃത്യമായി ചെയ്തു. എന്നാല്‍ അതിന് ശേഷം വരാതിരുന്ന വോട്ടര്‍മാരുടെയെല്ലാം വോട്ടുകള്‍ ബൂത്തില്‍ കുത്തിയിരുന്നു കള്ളവോട്ട് ചെയ്തുവെന്ന് സുധാകരന്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്തില്‍ പോലും ജനാധിപത്യം സംരക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നെന്നും സുധാകരന്‍ ആരോപിക്കുന്നു. യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാര്‍ അക്രമം സഹിച്ചും വൈകിയ വേളയിലും ബൂത്തിലിരുന്നു. പൂര്‍ണമായ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസെന്ന് സുധാകരന്‍ പറഞ്ഞു. ഏത് അക്രമത്തിന് മുന്നിലും വോട്ട് ചെയ്തേ പോവൂയെന്ന് വിശദമാക്കിയ കണ്ണൂരിലെ വോട്ടര്‍മാരാണ് താരങ്ങള്‍ എന്നും സുധാകരന്‍ പറഞ്ഞു.

പതിനഞ്ചിലധികം പഞ്ചായത്തുകളിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നുവെന്നാണ് കോൺഗ്രസ് ആരോപണം.  വെബ്കാസ്റ്റിങ് ദൃശ്യങ്ങളടക്കം ഉപയോഗിച്ച് ഇവ പുറത്തുവിടാനാണ് നീക്കം.  അതേസമയം, തളിപ്പറമ്പിലെ ചില മേഖലകളിലടക്കം യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നുവെന്ന് സിപിഎമ്മും ആരോപിക്കുന്നു

click me!