ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് തുടങ്ങി, 91 മണ്ഡലങ്ങൾ വിധിയെഴുതുന്നു

By Web TeamFirst Published Apr 10, 2019, 8:39 PM IST
Highlights

ഇരുപത് സംസ്ഥാനങ്ങളിലായി 91 സീറ്റുകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.

ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഉൾപ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും രണ്ട് മണ്ഡലങ്ങളിലും  ഇന്നാണ് വോട്ടെടുപ്പ്. ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോൾ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ നാല്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്‍പി - ബിഎസ്‍പി സഖ്യം പിടിച്ചെടുത്തിരുന്നു. മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

2014നു സമാനമായ മോദി തരംഗം ഇല്ലെങ്കിലും പുല്‍വാമയ്ക്ക് ശേഷം ബിജെപി നടത്തുന്ന ദേശീയതയിലൂന്നിയുള്ള പ്രചരണം ഉത്തര്‍പ്രദേശില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ആദ്യ ഘട്ടത്തിൽ വെല്ലുവിളിയാണു താനും.

ഒടുവില്‍ വന്ന റാഫേല്‍ ഉത്തരവ് പ്രതിപക്ഷത്തിന് കിട്ടിയ ആയുധമാണ്. എന്നാല്‍ എല്ലാ സർവ്വെകളും മുൻതൂക്കം പ്രവചിക്കുന്നതിന്‍റെ ആത്മവിശ്വാസവുമായി എൻഡിഎ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യവും ന്യായ് പദ്ധതിയിലുമാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.

click me!