മഹാരാഷ്ട്രയിലെ അഞ്ചു നിർണ്ണായക മണ്ഡലങ്ങളിലെ ഇപ്പോഴത്തെ സൂചനകൾ ഇങ്ങനെ

By Web TeamFirst Published Oct 24, 2019, 10:48 AM IST
Highlights

എക്സിറ്റ് പോൾ  ഫലങ്ങളും മറ്റും ബിജെപിക്ക് ഏകപക്ഷീയമായ വിജയം പ്രവചിച്ചിട്ടുണ്ടെങ്കിലും, വോട്ടെണ്ണൽ തുടങ്ങി മൂന്നു  മണിക്കൂർ പിന്നിടുമ്പോൾ മഹാരാഷ്ട്രയിലെ ഈ അഞ്ച് നിർണ്ണായകമായ മണ്ഡലങ്ങളിൽ നടക്കുന്ന മത്സരത്തെ രാജ്യം ഉറ്റുനോക്കുന്നു.


എക്സിറ്റ് പോൾ  ഫലങ്ങളും മറ്റും ബിജെപിക്ക് ഏകപക്ഷീയമായ വിജയം പ്രവചിച്ചിട്ടുണ്ടെങ്കിലും, വോട്ടെണ്ണൽ തുടങ്ങി മൂന്നു  മണിക്കൂർ പിന്നിടുമ്പോൾ മഹാരാഷ്ട്രയിലെ ഈ അഞ്ച് നിർണ്ണായകമായ മണ്ഡലങ്ങളിൽ നടക്കുന്ന മത്സരത്തെ രാജ്യം ഉറ്റുനോക്കുന്നു. 288 മണ്ഡലങ്ങളിൽ  പല ഘടകങ്ങളാലും വേറിട്ടുനിൽക്കുന്നവയാണ്  ഈ അഞ്ചെണ്ണം.

ബാരാമതി 

മഹാരാഷ്ട്ര മുഴുവൻ കീഴടക്കിക്കൊണ്ട് ബിജെപിയുടെ അശ്വമേധം തുടരുമ്പോഴും അവർക്ക് ബാലികേറാമലയായി തുടരുന്ന മണ്ഡലമാണ് ബാരാമതി. ശരദ് പവാറിന്റെ തട്ടകമാണ് പുണെ ജില്ലയിലെ ഈ മണ്ഡലം. ബാരാമതി പാർലമെന്റ് മണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്   പവാറിന്റെ മകൾ സുപ്രിയ സുലെ ആണ്. നിയമസഭാസീറ്റ് മരുമകനായ അജിത് പവാറിന്റെ കൈവശവും. 2014-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രഭാകർ ഗാവ്‌ഡെയെ അജിത് 89,791 വോട്ടിന് അനായാസം തോൽപ്പിച്ച മണ്ഡലമാണ് ബാരാമതി. ഇത്തവണ ഗോപിചന്ദ് പഡാൽകറിനെയാണ് ബിജെപി മത്സരിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇപ്പോൾ അജിത് പവാർ 18000ൽ പരം വോട്ടിന് ലീഡ് ചെയ്യുകയാണ്. 

 

വർളി

വർളി മണ്ഡലം ശിവസേനയുടെ കോട്ടയാണ്. ഇവിടെ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ ദളിത് ആക്ടിവിസ്റ്റും എൻസിപി നേതാവുമായ അഡ്വ. സുരേഷ് മാനെയെ നേരിടുന്നു. ഏറെക്കുറെ ഏകപക്ഷീയമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത് എങ്കിലും, ആദ്യമായാണ് താക്കറെ കുടുംബത്തിലെ ഒരു നേതാവ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നത് ഈ മത്സരത്തെ പ്രസക്തമാകുന്നു. ഇതുവരെ മാതോശ്രീ ബംഗ്ളാവിലിരുന്നുകൊണ്ട് പരോക്ഷമായി സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്ന താക്കറെ കുടുംബം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ഈ മണ്ഡലത്തിലെ ഫലം ഏറെ നിർണായകമാകും. ഇപ്പോൾ കിട്ടുന്ന സൂചനകളനുസരിച്ച് ആദിത്യ താക്കറെ 6000ലധികം വോട്ടിന് മുന്നിട്ടുനിൽക്കുന്നു. 

 

പാർലി 

ഇവിടെ രണ്ടു അടുത്ത ബന്ധുക്കൾ തമ്മിലുള്ള പോരാട്ടമാണിവിടെ നടക്കുന്നത്. മുണ്ടെ കുടുംബത്തിന്റെ സ്വന്തം സീറ്റാണിത്. ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ മൂന്നാം തവണയാണ് നിയമസഭയിലേക്ക് ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. ബിജെപി വിട്ട് എൻസിപിയിൽ ചേർന്ന ധനഞ്ജയ് മുണ്ടെ ആണ് എതിരാളി. പ്രചാരണത്തിന്റെ അവസാന പാദത്തിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തി എന്ന പേരിൽ പങ്കജ, ധനഞ്ജയിനെതിരെ പോലീസിൽ പരാതിപ്പെടുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ഗോപിനാഥ് മുണ്ടെ അപകടത്തിൽ മരിച്ചതിന്റെ ഒരു സഹതാപ തരംഗം നിലനിൽക്കെ പങ്കജ മുണ്ടെ 25,000 ലധികം വോട്ടിന്  ധനഞ്ജയിനെ തോല്പിച്ചിരുന്നു. ഇപ്പോൾ വരുന്ന സൂചനകൾ പ്രകാരം ധനഞ്ജയ് നേരിയ ലീഡ് നിലനിർത്തുന്നു. 


കർജത് ജംഖേഡ് 

അഹമ്മദ് നഗർ ജില്ലയിലെ ഈ മണ്ഡലത്തിൽ ബിജെപി നേതാവും ഫഡ്‌നാവിസ് മന്ത്രിസഭയിലെ അംഗവുമായ റാം ഷിൻഡെയും പവാർ കുടുംബത്തിലെ രോഹിത് പവാറും തമ്മിലാണ് മത്സരം. രണ്ടുവട്ടം കർജത് ജംഖേഡിൽ നിന്ന് ഇതിനു മുമ്പും ജയിച്ചുകയറിയിട്ടുള്ള ഷിൻഡെ കഴിഞ്ഞ വട്ടം മുപ്പത്തേഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ശരദ് പവാർ, രോഹിതിന്റെ അടുത്ത ബന്ധുവാണ്. ഇത്തവണ കർജത് ജംഖേഡിലെ ട്രെൻഡ് ഈ സമയത്ത് രോഹിത് പവാറിന് അനുകൂലമാണ്. ഏത് നിമിഷവും മാറിമറിയാവുന്ന ഒരു ലീഡാണ് ഇത്. 

 

കങ്കാവ്‌ലി 

സിന്ധു ദുർഗ് ജില്ലയിലെ ഈ മണ്ഡലം നാരായൺ റാണെ എന്ന ബിജെപി നേതാവിന്റെ സ്വന്തം നാടാണ്. മകൻ നിതേഷ് റാണെയാണ് ബിജെപി സ്ഥാനാർഥി. നാല്പത് വർഷത്തോളം ശിവസേനയിൽ പ്രവർത്തിച്ച്, പിന്നീട് തെറ്റി കോൺഗ്രസിലേക്ക് പോയി, ഒടുവിൽ അവിടന്നും ചാടി സ്വന്തമായി മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ എന്നപേരിൽ ഒരു പാർട്ടിയുണ്ടാക്കി ബിജെപി പാളയത്തിൽ ചെന്ന് കയറിയതാണ് റാണെ. അദ്ദേഹത്തിന്റെ മകനാണ് നിതേഷ് റാണെ. സീറ്റ് വിഭജന ഉടമ്പടി പ്രകാരം ഇത് ബിജെപിയുടെ സീറ്റാണെങ്കിലും, റാണെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർഥി എങ്കിൽ പിന്തുണയ്ക്കില്ല എന്ന് ശിവസേന ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവിൽ നിതേഷ് റാണെ ആണ് സ്ഥാനാർഥി എന്നുവന്നപ്പോൾ ശിവസേന സതീഷ് സാവന്തിന്റെ എതിർ സ്ഥാനാർത്ഥിയായി നിർത്തി. കോൺഗ്രസിൽ നിന്ന് സുശീൽ റാണെയും മത്സരത്തിനുണ്ട്. ഇവിടെ ഇപ്പോൾ നിതേഷ് റാണെ ലീഡ് ചെയ്യുന്നു. ഇതും മാറാൻ സാധ്യതയുള്ള ഒരു ട്രെൻഡാണ്. 


  

click me!