മാണ്ഡ്യയില്‍ 'സുമലത' ഒന്നല്ല, നാല്‌!

Published : Mar 28, 2019, 11:04 AM ISTUpdated : Mar 28, 2019, 11:20 AM IST
മാണ്ഡ്യയില്‍ 'സുമലത' ഒന്നല്ല, നാല്‌!

Synopsis

മത്സരരംഗത്തേക്കെത്തിയിരിക്കുന്ന ഈ മൂന്ന്‌ പുതിയ സുമലതമാരും സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ്‌.

മാണ്ഡ്യ: നടിയും അന്തരിച്ച എം പി അംബരീഷിന്റെ ഭാര്യയുമായ സുമലതയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട്‌ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ്‌ കര്‍ണാടകയിലെ മാണ്ഡ്യ. സീറ്റ്‌ നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിനോട്‌ തെറ്റിപ്പിരിഞ്ഞ്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സുമലതയ്‌ക്കൊപ്പമാണ്‌ പ്രാദേശിക കോണ്‍ഗ്രസ്‌ നേതൃത്വം എന്നതും മാണ്ഡ്യയെ ചൂടുപിടിച്ച തെരഞ്ഞെടുപ്പ്‌ കളങ്ങളിലൊന്നാക്കി മാറ്റി. ഇപ്പോഴിതാ ഒന്നല്ല നാല്‌ സുമലതമാരാണ്‌ മാണ്ഡ്യയില്‍ മത്സരരംഗത്തുള്ളതെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു!

മത്സരരംഗത്തേക്കെത്തിയിരിക്കുന്ന ഈ മൂന്ന്‌ പുതിയ സുമലതമാരും സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ്‌. മാണ്ഡ്യ, രാമനഗര ജില്ലകളില്‍ നിന്നുള്ളവരാണ്‌ മൂവരും. അംബരീഷിന്റെ ഭാര്യയായ സുമലത ബംഗളൂരുവിലെ ജെപി നഗറില്‍ നിന്നാണ്‌.

എസ്‌എസ്‌എസ്‌എല്‍സി വിജയിച്ചിട്ടുണ്ട്‌ എന്നാണ്‌ നടി സുമലത സത്യവാങ്‌മൂലത്തില്‍ അറിയിച്ചിരിക്കുന്നത്‌. മഞ്‌ജെ ഗൗഡയുടെ ഭാര്യയായ മറ്റൊരു സുമലത എട്ടാം ക്ലാസ്‌ വിദ്യാഭ്യാസമുള്ളയാളാണ്‌. സിദ്ധഗൗഡയുടെ ഭാര്യയാണ്‌ മൂന്നാമത്തെ സുമലത. ഇവര്‍ ഏഴാം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളു. സുമലതമാരില്‍ ഏറ്റവും വിദ്യാഭ്യാസമുള്ളത്‌ കെ.ദര്‍ശന്റെ ഭാര്യയായ പി സുമലതയ്‌ക്കാണ്‌. ഇവര്‍ എംഎസ്‌എസി ബിരുദധാരിയാണ്‌. കന്നഡ താരം ദര്‍ശന്‍ സുമലതയ്‌ക്ക്‌ വേണ്ടി പ്രചാരണരംഗത്ത്‌ സജീവമായിരിക്കുമ്പോഴാണ്‌ മറ്റൊരു ദര്‍ശന്റെ ഭാര്യ മത്സരരംഗത്തുള്ളത്‌.

തനിക്കെതിരായ മൂന്ന്‌ സുമലതമാരുടെയും സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നതാണെന്ന്‌ നടി സുമലത പ്രതികരിച്ചു. ഒരു മാസം മുമ്പ്‌ തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്‌ മാണ്ഡ്യയിലെ ജനങ്ങള്‍ പറഞ്ഞിരുന്നതാണ്‌. അത്‌ എതിരാളികളുടെ നയമാണ്‌. അവര്‍ക്കെതിരെ അപരന്മാരെ നിര്‍ത്തണമെന്ന്‌ ജനങ്ങള്‍ തന്നോട്‌ ആവശ്യപ്പെട്ടിരുന്നതാണ്‌. വേണ്ട എന്ന്‌ താനാണ്‌ പറഞ്ഞതെന്നും സമലത പറഞ്ഞു.

എതിരാളികള്‍ പരാജയഭീതി കൊണ്ടാണ്‌ തനിക്കെതിരെ മറ്റ്‌ സുമലതമാരെ മത്സരിപ്പിക്കുന്നതെന്നും സുമലത അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ്‌ മാണ്ഡ്യയിലെ ജെഡിഎസ്‌-കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി. സുമലതയ്‌ക്ക്‌ പിന്തുണ നല്‍കാന്‍ തീരുമാനിച്ച്‌ ബിജെപി മാണ്ഡ്യയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?