
ദില്ലി: പ്രധാനമന്ത്രി പദത്തിന് വേണ്ടി കോണ്‍ഗ്രസ് അവകാശവാദമുന്നയിക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് തന്നെ കിട്ടണമെന്ന് വാശിപിടിക്കില്ലെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവുന്നത് നല്ലതാണെന്നും എന്നാല്‍ അത് കോണ്‍ഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല എന്നും ഗുലാംനബി ആസാദ് പറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്‍ഡിഎയും മോദിയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കോണ്‍ഗ്രസ് പിടിവാശികള്‍ ഉപേക്ഷിക്കുകയാണെന്ന സന്ദേശമാണ് ഗുലാം നബിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്ത നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലുതും വര്‍ഷങ്ങളുടെ ചരിത്രം ഉള്ളതുമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവസരം കിട്ടിയാല്‍ തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്നും ഗുലാം നബി ആസാദ് ഇന്ന് വ്യക്തമാക്കി.