ഹരിയാനയിൽ അടിപതറി ബിജെപി, എല്ലാ കണ്ണും ദുഷ്യന്ത് ചൗട്ടാലയിലേക്ക്

By Web TeamFirst Published Oct 24, 2019, 1:20 PM IST
Highlights

കേവല ഭൂരിപക്ഷത്തിലെത്താൻ കഴിയാഞ്ഞതോടെ അടിപതറി ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ രാജി വച്ചു. ഹരിയാനയിൽ സർക്കാർ രൂപീകരണനീക്കങ്ങൾ സജീവം. ദുഷ്യന്ത് ചൗട്ടാലയെ ഏത് വിധേനയും കൂടെ നി‍ർത്താൻ കോൺഗ്രസ്

ഹരിയാനാ നിയമസഭാ തെരഞ്ഞെടുപ്പിൽ കാലിടറി ഭരണകക്ഷിയായ ബിജെപി. 48 സീറ്റുകൾ സ്വന്തമായുണ്ടായിരുന്ന നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ നേടാൻ പോലും ഇക്കുറി ബിജെപിക്കായില്ല. ഭരണത്തുടർച്ച സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷൻ സുഭാഷ് ബരാല രാജി വച്ചു. കേവല ഭൂരിപക്ഷം നേടാൻ ഭരണകക്ഷിയായ എൻഡിഎക്കും പ്രതിപക്ഷമായ കോൺഗ്രസിനും കഴിയാത്ത സാഹചര്യത്തിൽ  ഇരുവിഭാഗവും സർക്കാർ രൂപീകരണനീക്കങ്ങൾ സജീവമാക്കി. ഒടുവിൽ വിവരം കിട്ടുമ്പോൾ 35 , 35 എന്നിങ്ങനെയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ലീഡ് നില.

മുഖ്യമന്ത്രി പദം തനിക്ക് നൽകുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്ന് ജനനായക് ജനതാ പാർട്ടി പ്രഖ്യാപിച്ചതോടെ  എല്ലാ കണ്ണുകളും സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലയിലേക്ക് ആയി. ജനനായക് ജനതാ പാർട്ടിയുടെ പിന്തുണ തേടി കർണാടക മോ‍ഡൽ നീക്കം ഇതിനകം കോൺഗ്രസ് സജീവമാക്കി. ജെജെപി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനവും ചെയ്തിട്ടുണ്ട്.  ജയിച്ച എംഎൽമാരെ കോൺഗ്രസ് നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. മറുവശത്ത് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. സ‍ർക്കാ‍ർ രൂപീകരണ സാധ്യതകൾ തേടിയാണ് കൂടിക്കാഴ്ച ക്ഷണമെന്നാണ് സൂചന. 

കർണാടകത്തിലെ സർക്കാർ രൂപീകരണ സമയത്ത് ഉണ്ടായ പിഴവ് ഹരിയാനയിൽ ആവർത്തിക്കരുതെന്ന ഉറച്ച തീരുമാനത്തിലാണ് ഇക്കുറി കോൺഗ്രസ്. അതു കൊണ്ട് തന്നെ വിലപേശി തുടങ്ങിയ ദുഷ്യന്ത് ചൗട്ടാലയെ ഏത് വിധേനയും കൂടെ നി‍ർത്താൻ തന്നെയാകും കോൺഗ്രസ് ശ്രമം. കോൺഗ്രസ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂ‍ഡ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറാകുമെന്ന പ്രസ്താവന നടത്തിയിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ സത്യമാകുന്ന കാഴ്ച തന്നെയാണ് ഹരിയാനയിൽ ഉണ്ടായത്. 

അതേ സമയം മനോഹർ ലാൽ ഖട്ടാറിനോട് ബിജെപി നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണയത്തിൽ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ച അമിത് ഷാ മനോഹർ ലാൽ ഖട്ടാറിനെ ദില്ലിയ്ക്ക് വിളിപ്പിച്ചു. 

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>

click me!