ദേശീയത ചർച്ചാ വിഷയം; ഉത്തർപ്രദേശിൽ മഹാസഖ്യം നേട്ടമുണ്ടാക്കില്ലെന്ന് മനേക ഗാന്ധി

By Web TeamFirst Published May 7, 2019, 8:56 PM IST
Highlights

സുൽത്താൻപൂരിൽ വരുൺ ഗാന്ധിയാണ് നിലവിലെ എംപി. അമ്മ മനേക ഗാന്ധിയുടെ മണ്ഡലമായ പിലിഭിത്തിലാണ് ഇത്തവണ വരുൺ മത്സരിച്ചത്. വരുൺ ഗാന്ധിയുടെ നേട്ടങ്ങളാണ് പ്രധാന പ്രചാരണ വിഷയം

സുല്‍ത്താന്‍പൂര്‍: ഉത്തർപ്രദേശിൽ മഹാസഖ്യത്തിന് വോട്ടുകൾ ഏകീകരിക്കാൻ ആവില്ലെന്ന് സുൽത്താൻപൂരിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി മനേക ഗാന്ധി പറഞ്ഞു. ദേശീയത ചർച്ചാ വിഷയമാണെന്നും മനേക ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുൽത്താൻപൂരിൽ ത്രികോണ മത്സരമാണ് ദൃശ്യമാകുന്നത്.

സുൽത്താൻപൂരിൽ വരുൺ ഗാന്ധിയാണ് നിലവിലെ എംപി. അമ്മ മനേക ഗാന്ധിയുടെ മണ്ഡലമായ പിലിഭിത്തിലാണ് ഇത്തവണ വരുൺ മത്സരിച്ചത്. വരുൺ ഗാന്ധിയുടെ നേട്ടങ്ങളാണ് പ്രധാന പ്രചാരണ വിഷയം. കണക്കുകള്‍ പരിഗണിച്ചാല്‍ സുൽത്താൻപൂരിൽ മഹാസഖ്യമാണ് മുന്നിൽ. എന്നാൽ മുസ്ലിം വോട്ടർമാർക്ക് താക്കീതു നല്കിയ പരാമർശമുൾപ്പടെ നടത്തി ധ്രുവീകരണത്തിലൂടെ ഏതിർപ്പ് മറികടക്കാനാണ് മനേകയുടെ ശ്രമം. 

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ചന്ദ്രഭദ്ര സിംഗിനെയാണ് മനേക ഗാന്ധിക്കെതിരെ എസ്പിയും ബിഎസ്പിയും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. മുൻ എംപി സഞ്ജയ് സിംഗ് കോൺഗ്രസിനായി രംഗത്തുമുണ്ട്. കഴിഞ്ഞ തവണ എസ്പിയും ബിഎസ്പിയും ബിജെപിയെക്കാൾ വോട്ടു നേടിയ മണ്ഡലത്തിലാണ് ഏഴു തവണ പിലിഭിത്തിൽ മത്സരിച്ച മനേകയുടെ പോരാട്ടം.

click me!