'അപ്പയ്ക്ക് വോട്ടു തേടി ക്ലാര'; ഹൈബിയുടെ മകളുടെ ഗാനം വൈറല്‍

By Web TeamFirst Published Apr 16, 2019, 9:33 PM IST
Highlights

"ഉള്ളം തൊടും ഹൈബി ഈഡൻ" എന്ന ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഹൈബിയുടെ ഭാര്യ അന്നയുമുണ്ട്.

എറണാകുളം:  തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ പ്രചാരണ ഗാനങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തുന്നത്  പതിവാണ്. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഗാനരചയിതാക്കളും ഗായകരും ആകുന്നവരും ഏറെയുണ്ട്. എന്നാല്‍ എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍റെ പ്രചാരണ ഗാനത്തിന് ഇക്കുറി ഒരു പുതുമയുണ്ട്. ഹൈബിയുടെ മകള്‍ ആറുവയസ്സുകാരി ക്ലാരയാണ് മനോഹരമായ ശബ്ദത്തിലൂടെ പിതാവിന് വേണ്ടി പാട്ടുപാടി വോട്ട് തേടുന്നത്. അപ്പയ്ക്ക് വേണ്ടി ക്ലാര പാടിയ പാട്ട് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. 

പ്രശസ്ത സംഗീത സംവിധായകൻ മെജോ ജോസഫ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫേസ്ബുക്ക്‌ പേജിലാണ് ഗാനം പങ്കുവെച്ചിരിക്കുന്നത്.  "ഉള്ളം തൊടും ഹൈബി ഈഡൻ" എന്ന ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഹൈബിയുടെ ഭാര്യ അന്നയുമുണ്ട്. ഹൈബി ഈഡന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു മുമ്പ്  ക്ലാര പാടിയ "പറയൂ പറയൂ തത്തമ്മേ" എന്ന നഴ്സറി ഗാനം സോഷ്യൽ മീഡിയയിൽ കൈയ്യടി നേടിയിരുന്നു.

 മെജോ ജോസഫ് അയച്ചുകൊടുത്ത മൂന്ന് ട്യൂണുകളില്‍ ക്ലാര തന്നെയാണ് ഇഷ്ടപ്പെട്ട ഈണം തെരഞ്ഞെടുത്തത്. വിനായക് ശശികുമാറിന്‍റെ വരികളിലൂടെ തന്റേതായ ഭാവങ്ങളും കുട്ടിത്തം നിറഞ്ഞ ശബ്‍ദവും കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഈ ഗാനം  ചിത്രീകരിക്കാൻ  ഒന്നര മണിക്കൂറിൽ താഴെ മാത്രേ വേണ്ടിവന്നുള്ളൂവെന്നും, ക്ലാരയുടെ കൂടെ ഈ ഗാനം ചെയ്തത് മറക്കാനാവാത്ത അനുഭവം ആയിരുന്നുവെന്നും സംഗീത സംവിധായകൻ മെജോ ജോസഫും സംഘവും പറയുന്നു.

കുട്ടി പാട്ടുകാരിയുടെ ഓമനത്വവും അച്ഛനോടുള്ള സ്നേഹം നിറ‍യുന്ന ഗാനത്തിന് എതിര്‍ കക്ഷികള്‍ പോലും നൂറ് മാര്‍ക്ക് നല്‍കും. ക്ലാരയുടെ കുഞ്ഞുശബ്ദത്തില്‍ പാട്ട് കേള്‍ക്കുമ്പോള്‍ വോട്ട് കൂട്ടമായി പോരുമെന്നാണ് അണികളുടെയും പ്രതീക്ഷ. 

click me!