
ദില്ലി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിയുമായി പ്രത്യയശാസ്ത്രപരമായി മാത്രമേ തർക്കമുള്ളു വ്യക്തിപരമായി ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബാനർജിയെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ തെറ്റായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ വളരെയധികം നിരാശ തോന്നിയതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലാണ് മോദിയുടെ തുറന്ന് പറച്ചിൽ.
മമതാ ബാനർജിയെക്കുറിച്ചുള്ള എന്റെ വിലയിരുത്തൽ തെറ്റാണെന്ന് ഞാൻ പരസ്യമായി സമ്മതിക്കുന്നു. അവർ കഠിനാദ്ധ്വാനിയായ സ്ത്രീയാണെന്ന് ചിന്തിക്കാൻ തുടങ്ങിയെന്നും മോദി പറഞ്ഞു. അതേസമയം, മമത ബാനർജി അധികാരത്തിൽ വന്നതിന് ശേഷം ബംഗാളിലുണ്ടായ മാറ്റത്തിൽ അസ്വസ്ഥനാണെന്ന് മോദി പറഞ്ഞു. ബംഗാളിലെ രാഷ്ട്രീയ അസഹിഷ്ണുതയ്ക്കെതിരെ പോരാടിയ അതേ മമത ബാനർജിയല്ല അവർ.
മമത ദീദി ഇത്രയേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് കാണുന്നത് വളരെയധികം ഖേദകരമാണ്. ബംഗാളിൽ അസഹിഷ്ണുതയ്ക്കെതിരെ പോരാടിയാണ് മമത അധികാരത്തിലെത്തിയത്. ബംഗ്ലാദേശികളുടെ നുഴഞ്ഞ് കയറ്റത്തിനെതിരെ അവർ ശബ്ദമുയർത്തി. തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് കാരണം ബംഗാളിൽ ദിനംപ്രതി ആളുകൾ മരണപ്പെടുകയാണ്. എന്നാൽ അവർ മൗനം പാലിക്കുകയാണെന്നും മോദി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുമായുള്ള ബന്ധത്തെക്കുറിച്ചും മോദി സംസാരിച്ചു. മമത ബാനർജി അടക്കമുള്ള പ്രതിപക്ഷപാർട്ടികളുടെ ആശയപരമായ വ്യത്യാസങ്ങളൊന്നും തന്നെ ബാധിക്കുന്നില്ല. അവരും ജനാധിപത്യപരമായ പങ്ക് വഹിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.