രാഹുൽ വന്നില്ലെങ്കിൽ അണികൾ നിരാശരാകും, സിദ്ദിഖ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പില്ല: മലപ്പുറം ഡിസിസി പ്രസിഡന്‍റ്

By Web TeamFirst Published Mar 28, 2019, 10:18 PM IST
Highlights

രാഹുൽ ഗാന്ധി വയനാടില്‍ മത്സരിക്കാനെത്തിയില്ലെങ്കിൽ അണികളിൽ പ്രയാസവും നിരാശയും ഉണ്ടാകുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ പ്രതിസന്ധിയെന്ന് പറയാനാകില്ലെങ്കിലും അണികൾ വൈകാരികമായി തളരും.

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാടില്‍ മത്സരിക്കാനെത്തിയില്ലെങ്കിൽ അണികളിൽ പ്രയാസവും നിരാശയും ഉണ്ടാകുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ പ്രതിസന്ധിയെന്ന് പറയാനാകില്ലെങ്കിലും അണികൾ വൈകാരികമായി തളരും. കാരണം കോൺഗ്രസിന്‍റേത് പരസ്പരം വൈകാരിക അടുപ്പമുള്ള പ്രവർത്തകരാണെന്നും വിവി പ്രകാശ് ന്യൂസ് അവർ ചർച്ചക്കിടെ പറഞ്ഞു.

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി മുന്നോട്ടുപോവുകയാണ്. രാഷ്ട്രീയം പറഞ്ഞ് അണികളെ സജ്ജമാക്കുകയും കമ്മിറ്റികളെ സജീവമാക്കുകയുമാണ് ചെയ്യുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. രാഹുൽ വന്നില്ലെങ്കിൽ ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പില്ല.  ആര്  സ്ഥാനാർത്ഥിയാകണമെന്ന് എഐസിസി തീരുമാനിക്കും. ഇതുവരെ ഹൈക്കമാൻഡ് വയനാട്ടിലെ സ്ഥാനാ‍ർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനം എടുക്കും മുമ്പ് കെപിസിസി അധ്യക്ഷൻ ചില സൂചനകൾ മാത്രമാണ് നൽകിയിത്. പക്ഷേ ഹൈക്കമാൻഡിന് മുന്നിൽ ഒരു അവ്യക്തതവുമില്ലെന്നും വി വി പ്രകാശ് പറഞ്ഞു. രാഹുൽ ഗാന്ധി വന്നില്ലെങ്കിൽ ഇപ്പോൾ പരിഗണനയിലുള്ള മൂന്ന് പേരോ അതല്ലാതെ മറ്റാരെങ്കിലുമോ ആകാം വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെന്നും അദ്ദേഹം പറഞ്ഞു.

ടി സിദ്ദിഖിനെ കൂടാതെ അബ്ദുൾ മജീദ്, വിവി പ്രകാശ് എന്നിവരെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് വയനാട് സീറ്റിലേക്ക് പരിഗണിച്ചിരുന്നത്. ഗ്രൂപ്പ് പോരിൽത്തട്ടി വയനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായപ്പോൾ ഏറെ ചർച്ചക്ക് ശേഷമാണ് ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായത്. എന്നാൽ ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കെപിസിസി പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും ടി സിദ്ദിഖ് പ്രചാരണം തുടങ്ങിയതും എഐസിസി നേതൃത്വത്തിന് രുചിച്ചിരുന്നില്ല. ഇതിനിടെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകും എന്ന വാർത്തയെത്തുന്നത്. അനിശ്ചിതത്വം നീളുന്നതിനിടെ രാഹുൽ വന്നില്ലെങ്കിൽ സിദ്ദിഖ് തന്നെയാകുമോ സ്ഥാനാർത്ഥി എന്ന കാര്യത്തിലും ഇപ്പോൾ ആർക്കും ഉറപ്പില്ല.

click me!