മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനോട് വിയോജിപ്പ്, ജയിച്ചാൽ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല; പ്രകാശ് രാജ്

By Web TeamFirst Published Apr 12, 2019, 12:12 PM IST
Highlights

നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിൽ വ്യക്തിപരമായി വിയോജിപ്പുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ബം​ഗളൂരു പ്രസ് ക്ലബും ബം​ഗളൂരു റിപ്പോർട്ടേസും സംയുക്തമായി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബം​ഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഒരു രാഷ്ട്രീയ പാർട്ടിയിലും അം​ഗമാകില്ലെന്ന് ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും നടനുമായ പ്രകാശ് രാജ്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിൽ വ്യക്തിപരമായി വിയോജിപ്പുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ബം​ഗളൂരു പ്രസ് ക്ലബും ബം​ഗളൂരു റിപ്പോർട്ടേസും സംയുക്തമായി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ജനങ്ങൾക്കായി പ്രവർത്തിക്കും. പരാജയപ്പെടുകയാണെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. ചിലയാളുകൾ പറയുന്നത് എനിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് ലഭിക്കില്ലെന്നാണ്. എന്നാൽ എനിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് ലഭിക്കുകയാണെങ്കിൽ അതിനർത്ഥം ജനങ്ങൾ മറ്റൊരു മാർ​ഗം നോക്കുകയാണെന്നാണ്. കാരണം താനൊരു സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. ഞാനൊരിക്കലും തനിച്ചല്ല. എനിക്ക് ആം ആദ്മി പാർട്ടി, സിപിഎം, സിപിഐ എന്നീ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ട്. തമിഴ്, തെലുങ്ക് സംഘടനകളുടേയും ജെഡിഎസിന്റേയും പ്രവർത്തകർ തനിക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ജനങ്ങൾക്ക് പകരക്കാരനെയാണ് വേണ്ടതെന്ന് താൻ മനസിലാക്കി.

ജനുവരി ഒന്നിനാണ് ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. അന്ന് മുതൽ മണ്ഡലത്തിലെ ചേരികളും മറ്റ് പ്ര​ദേശങ്ങളും സന്ദർശിക്കാൻ തുടങ്ങി. മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കരുതെന്ന് കോൺ​ഗ്രസ് അടക്കമുള്ള പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നതായും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

ബിജെപിയുടേയും കോൺ​ഗ്രസിന്റേയും പ്രകടനപത്രികയെ താരം രൂക്ഷമായി വിമർശിച്ചു. ഇരുവരുടേയും പ്രകടനപത്രികകളിൽ ആ​രോ​ഗ്യവും വിദ്യാഭ്യാസവും കാണാനില്ല. ഇരുപാർട്ടികളും രാജ്യസുരക്ഷയെക്കുറിച്ച് മാത്രമാണ് വിശദീകരിച്ചത്. ജനങ്ങൾക്ക് മാസവരുമാനമായി 6,000 രൂപ നൽകുന്നതിനെക്കുറിച്ചാണ് ഇരുപാർട്ടികളും കൂടുതലായി പറഞ്ഞത്. ഈ പാർട്ടികളെന്താ ചാരിറ്റബിൾ സംഘടനകളാണോയെന്നും പ്രകാശ് രാജ് ചോദിച്ചു.   

click me!