
മുംബൈ: മഹാരാഷ്ട്രയിലെ ദിണ്ടോരി ലോക്സഭാ സീറ്റിൽ വൻ തിരിച്ചുവരവിനൊരുങ്ങി സിപിഎം. കർഷക മാർച്ചും, ബിജെപിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളുമാണ് സിപിഎമ്മിന് വിജയപ്രതീക്ഷ നൽകുന്നത്. നാസിക്കിൽ നിന്ന് മുംബൈയിലേക്ക് നടത്തിയ കർഷക മാർച്ചിൽ അണിനിരന്ന ആദിവാസികളും കർഷകരുമാണ് ഈ മണ്ഡലത്തിലെ വോട്ടർമാർ.
ആകെ 17 ലക്ഷത്തിലേറെ വോട്ടർമാരുള്ള മണ്ഡലമാണ്. ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് സിപിഎമ്മിന്റെ പക്കലും, രണ്ട് സീറ്റുകൾ എൻസിപിയുടെ പക്കലുമാണ്. ശേഷിച്ച മൂന്ന് മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ ബിജെപിയും ഒന്ന് ശിവസേനയുടെയും പക്കലാണ്.
ഏഴ് വട്ടം എംഎൽഎയായ ജെപി ഗാവിതാണ് സിപിഎം സ്ഥാനാർത്ഥി. ഇദ്ദേഹം മാഹാരാഷ്ട്ര നിയമസഭയിലെ മുൻ സ്പീക്കർ കൂടിയാണ്. മഹാരാഷ്ട്രയിൽ ഇക്കുറി കോൺഗ്രസുമായി സഖ്യം പ്രഖ്യാപിച്ച എൻസിപി പക്ഷെ സിപിഎമ്മിനെ കൂടെ നിർത്താൻ വിസമ്മതിച്ചത് അവരുടെ പ്രതീക്ഷകളെ തെല്ലൊന്നുമല്ല ബാധിച്ചത്.
പക്ഷെ നാസികിൽ നിന്ന് കാൽനടയായി രണ്ട് വട്ടം മുംബൈയിലേക്ക് നടന്നുപോയ കർഷകരും ആദിവാസികളുമാണ് ഈ മണ്ഡലത്തിൽ ഭൂരിപക്ഷവും ഉള്ളത്. ഇക്കുറി സിപിഎമ്മിന് പ്രതീക്ഷ നൽകുന്നത് ഇവരുടെ പിന്തുണയാണ്. ഈ ജനപിന്തുണയിൽ സമീപകാലത്ത് കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.
ഹരിശ്‌ചന്ദ്ര ചവാനായിരുന്നു കഴിഞ്ഞ രണ്ട് വട്ടവും മണ്ഡലത്തിലെ എംപി. എന്നാൽ ഇക്കുറി ഇദ്ദേഹത്തിന് ബിജെപി സീറ്റ് നിഷേധിച്ചു. ചവാനോ അദ്ദേഹത്തിന്റെ അനുയായികളോ പ്രതീക്ഷിച്ച തീരുമാനമായിരുന്നില്ല ഇത്. മണ്ഡലത്തിലെ കർഷക രോഷവും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് എൻസിപിയിൽ നിന്ന് രാജിവച്ച് വന്ന ഭാരതി പവാറിനാണ് സീറ്റ് നൽകിയത്.
ഭാരതി പവാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ചവാനും അനുയായികളും തൃപ്തരല്ല. അവർ ബിജെപി വോട്ടുകളിൽ കാര്യമായി വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകളിൽ ഊന്നിയാണ് പ്രചാരണം നടക്കുന്നത്. ധൻരാജ് മഹാലെയാണ് മണ്ഡലത്തിലെ എൻസിപി സ്ഥാനാർത്ഥി.
സിപിഎം 2009 ൽ ഗാവിതിനെയാണ് ഈ മണ്ഡലത്തിൽ മത്സരിപ്പിച്ചത്. അന്ന് 105352 വോട്ട് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ചവാന് അന്ന് 2.81 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. 2014 ൽ സാഹചര്യം മാറി. സഖ്യമില്ലാതെ മത്സരിച്ച സിപിഎം ബിജെപിക്കും എൻസിപിക്കും പിന്നിൽ മൂന്നാമതായി. ചവാനായിരുന്നു അന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴത്തെ ബിജെപി സ്ഥാനാർത്ഥി ഭാരതി പവാറാണ് അന്ന് എൻസിപി ടിക്കറ്റിൽ മത്സരിച്ച് രണ്ടാമതെത്തിയത്. അദ്ദേഹത്തിന് 1.95 ലക്ഷം വോട്ട് ലഭിച്ചു. സിപിഎമ്മിന്റെ സ്ഥാനാർത്ഥി ഹേമന്ത് വഖാറെയ്ക്ക് 72599 വോട്ടാണ് ലഭിച്ചത്.
എന്നാൽ ഇക്കുറി കർഷക സമരത്തിലുണ്ടായിരുന്ന മുഴുവൻ പേരുടെയും വോട്ട് സിപിഎം സ്വന്തം സ്ഥാനാർത്ഥിക്ക് ലഭിക്കാൻ അതിശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നുണ്ട്. മണ്ഡലത്തിൽ തന്റെ അപ്രമാദിത്വം തെളിയിക്കാൻ ചവാൻ ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കുകയാണെങ്കിൽ അത് സിപിഎമ്മിനോ എൻസിപിക്കോ ഗുണകരമായി തീരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയാലും മണ്ഡലത്തിലെ ആറ് നിയോജക മണ്ഡലങ്ങളിൽ ഭാവിയിൽ കൂടുതൽ എംഎൽഎമാരെ ജയിപ്പിക്കാനാവുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.