തമിഴ്‍നാട് സർക്കാർ താഴെ വീഴുമെന്ന് എക്സിറ്റ് പോൾ, ചങ്കിടിപ്പോടെ അണ്ണാ ഡിഎംകെ

By Web TeamFirst Published May 22, 2019, 11:09 AM IST
Highlights

ഇന്ത്യാ ടുഡേ നടത്തിയ എക്സിറ്റ് പോളാണ് അണ്ണാഡിഎംകെ സർക്കാർ കേവലഭൂരിപക്ഷം തികയ്ക്കില്ലെന്ന് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 സീറ്റുകളിൽ അണ്ണാഡിഎംകെ വെറും മൂന്ന് സീറ്റിൽ ഒതുങ്ങുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. 

ചെന്നൈ: മെയ് 23-ന് തമിഴ്‍നാട്ടുകാർ ഉറ്റുനോക്കുക ലോക്സഭാ തെര‍ഞ്ഞെടുപ്പ് ഫലമാകില്ല. 22 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വന്നാൽ കേവലഭൂരിപക്ഷമില്ലാതെ ആടിയാടി നിൽക്കുന്ന അണ്ണാ ഡിഎംകെ സർക്കാർ വാഴുമോ വീഴുമോ എന്നറിയാം. എന്നാൽ 22-ൽ വെറും മൂന്ന് സീറ്റിൽ അണ്ണാ ഡിഎംകെ ഒതുങ്ങുമെന്നും സർക്കാർ താഴെ വീഴുമെന്നുമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

ഇന്ത്യാ ടുഡേ എക്സിറ്റ് പോളാണ് എടപ്പാടി സർക്കാർ താഴെ വീഴുമെന്ന് പ്രവചിക്കുന്നത്. വിമത എംഎൽഎമാർ കൂറ് മാറിയില്ലെങ്കിൽ പോലും കുറഞ്ഞത് 5 സീറ്റ് വേണം അണ്ണാ ഡിഎംകെയ്ക്ക് ഭരണം നിലനിർത്താൻ. ഡിഎംകെ 14 സീറ്റ് നേടും. അഞ്ച് സീറ്റിൽ കടുത്ത പോരാട്ടം എന്നും സർവ്വേ പറയുന്നു. 

തമിഴ്‍നാട് നിയമസഭയിൽ ആകെ 234 സീറ്റുകളുണ്ട്. അതിൽ 22 സീറ്റുകളിൽ ഒഴിവ് വന്നതെങ്ങനെ? ഈ 22 സീറ്റുകൾ നിർണായകമാകുന്നതെങ്ങനെ? താഴെക്കാണുന്ന ദൃശ്യം തമിഴ്‍നാടിന്‍റെ രാഷ്ട്രീയചിത്രം പറയും:

ആകെ തമിഴ്‍നാട് നിയമസഭയിൽ 234 സീറ്റുകളുണ്ട്. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. അണ്ണാഡിഎംകെയ്ക്ക് തമിഴ്‍നാട് നിയമസഭയിൽ ഇപ്പോൾ 114 എംഎൽഎമാരുണ്ട്. ഇത് സ്പീക്കറുൾപ്പടെയുള്ള കണക്ക്.

ഇതിൽ 3 പേർ ടിടിവി ദിനകരന് തുറന്ന പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. 3 സ്വതന്ത്രരുണ്ട് തമിഴ്‍നാട് നിയമസഭയിൽ. ഇവർ അണ്ണാ ഡിഎംകെ പാളയത്തിലാണ്. അവർ ഏത് നിമിഷവും കളം മാറാൻ സാധ്യതയുണ്ട്. അതായത് 114 എന്ന കണക്ക് കടലാസിൽ മാത്രമേയുള്ളൂ. 108 പേരേ യഥാർത്ഥത്തിൽ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമുള്ളൂ.

22 സീറ്റുകൾ ഒഴിവ് വന്നതിങ്ങനെയാണ്. ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചതിനാൽ 18 അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്പീക്കർ പി ധനപാൽ അയോഗ്യരാക്കി. ബാലകൃഷ്ണറെഡ്ഡി എന്ന മന്ത്രി അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ അയോഗ്യനാക്കപ്പെട്ടു. കരുണാനിധിയുൾപ്പടെ 3 അംഗങ്ങൾ അന്തരിച്ചു. അങ്ങനെ 22 സീറ്റുകൾ.

ഈ 22 മണ്ഡലങ്ങളിൽ 21 സീറ്റുകളും അണ്ണാ ഡിഎംകെ സിറ്റിംഗ് സീറ്റുകളാണ്. പക്ഷേ 2014-ലെ കഥയും കാലവുമല്ല 2019. ജയലളിത അന്തരിച്ചു. സംസ്ഥാനത്ത് കനത്ത ഭരണവിരുദ്ധ വികാരം അലയടിച്ച് നിൽക്കുന്നു. ബിജെപിക്കൊപ്പം നിൽക്കുന്ന അണ്ണാ ഡിഎംകെയ്ക്ക് എതിരെ ജനവികാരം ശക്തം. 22 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ 10 സീറ്റുകളെങ്കിലും അണ്ണാ ഡിഎംകെയ്ക്ക് കിട്ടണം. ഭരണം നിലനിർത്താനുള്ള മാന്ത്രികസംഖ്യയായ 118 തികയ്ക്കാൻ. 

ഡിഎംകെ സഖ്യകക്ഷികൾക്കായി 97 സീറ്റുകളുണ്ട് തമിഴ്‍നാട് നിയമസഭയിൽ. 118 കിട്ടാൻ അവർക്ക് 21 സീറ്റുകൾ വേണം. അത് കിട്ടാനുള്ള കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് ഡിഎംകെ.

21 സീറ്റുകൾ ഡിഎംകെയ്ക്ക് കിട്ടാതിരിക്കുകയും, 10 സീറ്റുകളിൽ അണ്ണാ ഡിഎംകെ ജയിക്കാതിരിക്കുകയും ചെയ്താൽ കിങ്മേക്ക‌ർ ടിടിവി ദിനകരനാകും. എംഎൽഎമാരെ ഒപ്പം കൂട്ടി ടിടിവി നേതൃത്വമേറ്റെടുക്കും. അല്ലെങ്കിൽ ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് സർക്കാരിനെ മറിച്ചിടും. സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെയുമായി സഹകരിക്കണമെങ്കിൽ അത് ചെയ്യുമെന്നാണ് ടിടിവിയുടെ വിശ്വസ്തനും അയോഗ്യനാക്കപ്പെട്ട എംഎൽഎയുമായ തങ്കത്തമിഴ്‍സെൽവൻ പറഞ്ഞിരുന്നത്. അത് രാഷ്ട്രീയപരമായി ആത്മഹത്യാപരമാണ് ദിനകരന്. എംഎൽഎമാരെ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ തന്നെയാകും ദിനകരന്‍റെ ആദ്യശ്രമം. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!