'പണ്ട് ഈ വരാന്തയില് കൊറേ നിന്നതാ', പഠിച്ച സ്കൂളിൽ വോട്ട് ചെയ്യാനെത്തി ഇന്നസെന്‍റ്

By Savithri T MFirst Published Apr 23, 2019, 8:25 AM IST
Highlights

ആദ്യത്തെ തവണ വോട്ട് ചെയ്യാൻ വന്നപ്പോൾ ആശങ്കയുണ്ടായിരുന്നു. താരപ്രഭാവം വോട്ടാകുമോ എന്ന് സംശയമായിരുന്നു. ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയെന്നും ഇന്നസെന്‍റ്. 

തൃശ്ശൂർ: ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ്. പക്ഷേ ചാലക്കുടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും താരവുമായ ഇന്നസെന്‍റിനും കുടുംബത്തിനും തൃശ്ശൂർ മണ്ഡലത്തിലാണ് വോട്ട്. പണ്ട് പഠിച്ച ഇരിഞ്ഞാലക്കുടയിലെ ഡോൺ ബോസ്കോ സ്കൂളിലെത്തിയപ്പോൾ ഇന്നസെന്‍റ് ഒരു നിമിഷം ഓർമകളിൽ പുറകോട്ട് പോയി. 

''ഞാനിവിടെ വരാന്തയില് നിന്നപ്പോ വീട്ടുകാരോട് പറയായിരുന്നു. കൊറേ നിന്ന വരാന്തയാണേ. കാരണം പലപ്പഴും ക്ലാസില് കയറ്റാറില്യ', സ്വതസിദ്ധമായ തനി ഇരിഞ്ഞ‌ാലക്കുട ഈണത്തിൽ ഇന്നസെന്‍റ് പറഞ്ഞപ്പോൾ ചുറ്റും ചിരിയുടെ മാലപ്പടക്കം. 

എല്ലാ വർഷവും ഇതേ സ്ഥലത്താണ് ഇന്നസെന്‍റിന് വോട്ട്. ''എടയ്ക്ക് സ്കൂള് മാറി ബൂത്ത് വന്നാലേള്ളോ. എന്നാലെന്താ, ഇവടത്തെ എല്ലാ സ്കൂളുകളിലും ഞാൻ പഠിച്ചിട്ട്ണ്ട്. ഒരെടത്ത് നിന്ന് പൊറത്താക്ക്യാ അടുത്ത ഇടത്ത്'' .. ഇന്നസെന്‍റിന്‍റെ മുഖത്ത് സ്ഥാനാർത്ഥിയുടെ ടെൻഷനേയില്ല. 

സ്ഥാനാർത്ഥിയായി വന്ന് ആദ്യത്തെ തവണ വോട്ട് ചെയ്യാനെത്തിയപ്പോൾ സർവത്ര ടെൻഷനായിരുന്നെന്ന് പറയുന്നു ഇന്നസെന്‍റ്. ''എന്നെ കാണുമ്പോൾ ആളുകള് കൂടണ്ണ്ട്. വന്ന് കൈ പിടിക്ക്ണ്ട്, സന്തോഷം പറയ്‍ണ്ട്. പക്ഷേ ഇതൊക്കെ എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാ കരുതീര്‍ന്നത്. ഇത് വോട്ടാവുമോ എന്ന് എനിക്ക് സംശയായിരുന്നു. ജയിച്ചപ്പോൾ അന്ന് സന്തോഷാണ്. ഇത്തവണ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ടെൻഷനേയില്ല. ഇവൻ ആള് കൊള്ളാലോ, അല്ലറ ചില്ലറ വികസനൊക്കിണ്ടല്ലേ കയ്യില്', എന്നാണ് എന്നെ കാണുമ്പോ ഇപ്പോ ആളുകള് ആലോചിക്കണത്. ജയിക്കുമെന്നുറപ്പാണ്', ഇന്നസെന്‍റ് പറയുന്നു.

മമ്മൂട്ടി പ്രചാരണത്തിനെത്തിയതിനെക്കുറിച്ചും ഇന്നസെന്‍റിന് മറുപടിയുണ്ട്. സാധാരണ ആളുകള്, പ്രത്യേകിച്ച് താരങ്ങളൊന്നും എനിക്ക് പിന്തുണയുമായിട്ട് വരാറില്ല. സ്വന്തം പാർട്ടി ഇന്നതാണെന്ന് പറഞ്ഞാൽ സ്വന്തം സിനിമ കൊറയുവോ എന്നാണ് എല്ലാർക്കും പേടി. മമ്മൂട്ടിക്ക് അങ്ങനെയൊരു പേടിയില്ല. ഒപ്പം വന്ന് പിന്തുണ തന്നു - ഇന്നസെന്‍റ് പറയുന്നു. 

click me!