അണ്ണാഡിഎകെയ്ക്ക് നിരാശ മാത്രം: ഇപിഎസ് - ഒപിഎസ് ഉൾപ്പോരിൽ നഷ്ടമായത് വിജയവും മന്ത്രിപദവും

Published : May 31, 2019, 06:29 PM ISTUpdated : May 31, 2019, 06:32 PM IST
അണ്ണാഡിഎകെയ്ക്ക് നിരാശ മാത്രം: ഇപിഎസ് - ഒപിഎസ് ഉൾപ്പോരിൽ നഷ്ടമായത് വിജയവും മന്ത്രിപദവും

Synopsis

ചരിത്രത്തിൽ അപൂർവ്വമായാണ് തമിഴ്നാട്ടിൽ നിന്നൊരു എംപി കേന്ദ്രമന്ത്രിസഭയിൽ ഇടം പിടിക്കാതെ ഇരിക്കുന്നത്. പനീർ സെൽവവും എടപ്പാടിപക്ഷവും തമ്മിലുള്ള ഉൾപ്പോര് തിരിച്ചടി ആയെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം

ചെന്നൈ: നരേന്ദ്രമോദി മന്ത്രിസഭയിൽ ഒരു സഹമന്ത്രി സ്ഥാനം പോലും ലഭിക്കാത്തതിന്റെ നിരാശയിലാണ് അണ്ണാഡിഎംകെ. പനീർ സെൽവവും എടപ്പാടിപക്ഷവും തമ്മിലുള്ള ഉൾപ്പോര് തിരിച്ചടി ആയെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ട് വച്ച പേരുകളും തള്ളിയതിന് പിന്നാലെ നേതൃമാറ്റത്തിനും വഴിയൊരുങ്ങുകയാണ്. ചരിത്രത്തിൽ അപൂർവ്വമായാണ് തമിഴ്നാട്ടിൽ നിന്നൊരു എംപി കേന്ദ്രമന്ത്രിസഭയിൽ ഇടം പിടിക്കാതെ ഇരിക്കുന്നത്. 

അണ്ണാഡിഎംകെയുടെ ഏക വിജയിയും മകനുമായ ഒ പി രവീന്ദ്രനാഥിനായി ഒപിഎസ് മുട്ടാത്ത വാതിലുകളില്ല. എന്നാൽ രവീന്ദ്രനാഥിന്റെ മന്ത്രി സ്ഥാനത്തോട് യോജിക്കാതിരുന്ന എടപ്പാടി പളനിസ്വാമി അവസാന മണിക്കൂറിലും രാജ്യസഭാ എംപി വൈദ്യലിംഗത്തിനായി വാദിച്ചു. രവീന്ദ്രനാഥിന് മന്ത്രി പദവി ഒരുങ്ങുന്നത് പാർട്ടിക്കുള്ളിൽ ഒപിഎസി ന്റെ സ്വാധീനം വർധിപ്പിക്കുമെന്നായിരുന്ന ഇപിഎസ് പക്ഷത്തിന്റെ ആശങ്ക. 

ഇതൊന്നും കാര്യമാക്കാതെ കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയ ഒപിഎസ് , മകനെ കേന്ദ്രമന്ത്രിയെന്ന് വിശേഷിപ്പിച്ച് ക്ഷണക്കത്ത് പോലും പ്രവർത്തകർക്ക് നൽകി. ഒഴിവ് വരുന്ന സീറ്റുകൾ ഉൾപ്പടെ രാജ്യസഭയിൽ അണ്ണാഡിഎംകെ എംപിമാർ 16 ആവും. ഇതിനാൽ പ്രതീക്ഷയും ഏറെയായിരുന്നു നേതൃത്വത്തിന്. ഇപിഎസ് ഒപിഎസ് ഭിന്നിപ്പ് കേന്ദ്രത്തിൽ പാർട്ടിയെ തന്നെ അപ്രസ്കതമാക്കിയെന്ന ആശങ്കയിലാണ് പ്രവർത്തകർ. മകന് വേണ്ടി മാത്രം സമ്മർദ്ദം ചെലുത്തിയ പനീർസെൽവം മാത്രമാണ് ഉത്തരവാദിയെന്ന് എടപ്പാടി പക്ഷം വാദിക്കുന്നു. കന്യാകുമാരിയിൽ നിന്ന് പരാജയപ്പെട്ട പൊൻ രാധാകൃഷ്ണൻ , ദേശീയ സെക്രട്ടറി എച്ച് രാജ തുടങ്ങിയവരുടെ പേരുകൾ ബിജെപി തമിഴ്നാട് നേതൃത്വവും മുന്നോട്ട് വച്ചിരുന്നു. 

ദേശീയ തലത്തിൽ പാർട്ടിയുടെ വോട്ട് വിഹിതം കൂടിയപ്പോഴും തമിഴ്നാട്ടിൽ രണ്ട് ശതമാനത്തിലധികം കുറഞ്ഞു. സംസ്ഥാന നേതാക്കൾക്കിടയിലെ ഭിന്നത പ്രധാന കാരണമെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. 5 വർഷമായി സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരുന്ന തമിഴ്സൈ സൗന്ദരരാജന് പകരം പൊൻ രാധാകൃഷ്ണൻ ,മുൻ അധ്യക്ഷൻ സി.പി.രാധാകൃഷ്ണൻ , എച്ച് രാജ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. രണ്ട് വർഷത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കേ സംഘടനാ പൊളിച്ചെഴുത്താണ് ലക്ഷ്യം. നിരന്തര സമ്മർദ്ദങ്ങൾക്ക് ഒടുവിലും മന്ത്രിസഭയിൽ ഇടം പിടിക്കാനാകത്തത് ഒപിഎസ്സിന് ക്ഷീണമാവുകയാണ്. സ്വന്തം പാളയത്തിൽ തന്നെ വിമത ശബ്ദം ഉയർന്നു കഴിഞ്ഞു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?