എസ്ഡിപിഐയുടെ സഹായം ചോദിക്കുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചുവിടുന്നത്: എം കെ മുനീർ

By Web TeamFirst Published Mar 18, 2019, 2:04 PM IST
Highlights

 വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാൽ തിരുന്നതല്ല ഞങ്ങളുടെ ആദര്‍ശം, എസ്ഡിപിഐയുടെ സഹായം ചോദിക്കുന്നതിനേക്കാൾ ലീഗ്  പാർട്ടി പിരിച്ചുവിടുന്നതാണ് നല്ലതെന്നും എം കെ മുനീർ

കോഴിക്കോട്:   ലീഗിനുള്ളില്‍ കെട്ടടങ്ങാതെ എസ്ഡിപിഐ ചര്‍ച്ച വിവാദം. നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി എം കെ മുനീര്‍ എംഎല്‍എ രംഗത്തെത്തി. എസ്ഡിപിഐയുടെ സഹായത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരണമെന്ന് പറയുന്നതിനേക്കാള്‍ ഭേദം ആ രാഷ്ട്രീയ പ്രസ്ഥാനം പിരിച്ചുവിടുന്നതാണ് നല്ലതെന്നായിരുന്നു മുനീറിന്‍റെ വിമര്‍ശനം. 

എസ്ഡിപിഐയുമായുള്ള രഹസ്യ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടിയോടും ഇ ടി മുഹമ്മദ് ബഷീറിനോടും വിശദീകരണം തേടിയതോടെ വിവാദം അവസാനിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. സംഭവം പാര്‍ട്ടിക്ക് തന്നെ ക്ഷീണമായെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നാണ് നിലപാട്. എന്നാല്‍ നേതാക്കളുടെ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അമര്‍ഷം ഉണ്ട്. ഈ വസ്തുത എം കെ മുനീര്‍ ഇക്കാര്യം മറച്ച് വയ്ക്കുന്നില്ല.

വിവാദത്തിന് പിന്നാലെ എസ്ഡിപിഐ നാളെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ പ്രഖ്യാപിച്ച പട്ടികയില്‍ മലപ്പുറത്ത് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് കുഞ്ഞാലിക്കുട്ടിയുമായുള്ള നീക്ക് പോക്കിന്‍റെ അടിസ്ഥാനത്തിലാണെന്ന ആരോപണം ശക്തമായത് പിന്നാലെയാണ് ഈ നീക്കം. അതേ സമയം പ്രശ്നങ്ങള്‍ ഒരു വേള കെട്ടടങ്ങിയ പൊന്നാനി യുഡിഎഫില്‍ വീണ്ടും അസ്വസ്ഥത ഉടലെടുത്തിട്ടുണ്ട്. ഇ ടിയുടെ മതേതര നിലപാട് ചോദ്യം ചെയ്ത കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആയുധമാകുകയാണ് പുതിയ സംഭവം.

click me!