ഹിന്ദു-മുസ്ലീം വോട്ട് വിഭജനത്തെ ഭയക്കുന്നില്ല: കാരണം വ്യക്തമാക്കി ജയപ്രദ

By Web TeamFirst Published Mar 28, 2019, 10:08 AM IST
Highlights

രാംപൂരിന്‍റെ സ്ഥിതി ഇപ്പോള്‍ വ്യത്യസ്തമാണ്. എങ്കിലും ബിജെപി ഹിന്ദു വോട്ടുകള്‍ എന്നെ വിജയിപ്പിക്കും-ജയപ്രദ പറഞ്ഞു.

ദില്ലി:  തെരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലീം വോട്ട് വിഭജനത്തെ ഭയക്കുന്നില്ലെന്ന് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംപിയും  നടിയുമായ ജയപ്രദ. സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും ബിജെപി ഹിന്ദു വോട്ടുകള്‍ തനിക്ക് അനുകൂലമായിരുന്നെന്നും ജയപ്രദ പറഞ്ഞു. 

2004 ലും 2009 ലും രാംപൂര്‍ മണ്ഡലത്തില്‍ നിന്നും സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജയപ്രദ മത്സരിച്ചിരുന്നു. സമാജ്‍വാദി പാര്‍ട്ടിയുടെ പ്രധാന വോട്ട് ബാങ്കാണ് മുസ്ലീം സമൂഹം. 

തെരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിച്ചയാളാണ്. രാംപൂരിന്‍റെ സ്ഥിതി ഇപ്പോള്‍ വ്യത്യസ്തമാണ്. എങ്കിലും ബിജെപി ഹിന്ദു വോട്ടുകള്‍ എന്നെ വിജയിപ്പിക്കും. രാംപൂര്‍ മണ്ഡലത്തില്‍ ഹിന്ദു-മുസ്ലീം വോട്ട് വിഭജനമുണ്ട്. എന്നാല്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ ഒരിക്കലും ഇത്തരമൊരു വിഭജനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഒരു റോഡ് നിര്‍മ്മിക്കുമ്പോള്‍ അതിലൂടെ ഹിന്ദുക്കള്‍ മാത്രമല്ല നടന്നിരുന്നത്-  ജയപ്രദ വ്യക്തമാക്കി.

അതേസമയം മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥിയും പ്രമുഖ മുസ്ലീം നേതാവുമായ അസം ഖാനെതിരെ ജയപ്രദ രംഗത്തെത്തിയിരുന്നു. മുഖത്ത് ആസിഡ് ഒഴിക്കാനുള്ള അസം ഖാന്‍റെ ശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നെന്ന് കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന പൊതുപരിപാടിയില്‍ ജയപ്രദ വെളിപ്പെടുത്തി. 

1994 ല്‍ എന്‍ ടി രാമറാവുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ രംഗപ്രവേശം. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ഇവര്‍ എസ്പിയില്‍ ചേരുകയായിരുന്നു.     
 

click me!