ജാര്‍ഖണ്ഡില്‍ അബദ്ധം ആവര്‍ത്തിക്കാനില്ല, 'മഹാസഖ്യ' തന്ത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്; ചര്‍ച്ച തീരാതെ ബിജെപി

By Web TeamFirst Published Nov 10, 2019, 1:29 PM IST
Highlights

കഴിഞ്ഞ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റിലും കോണ്‍ഗ്രസ് തനിച്ചായിരുന്നു മല്‍സരിച്ചത്. വെറും ആറ് സീറ്റിലെ ജയം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു

റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രതിപക്ഷ കക്ഷികളുടെ സീറ്റു വിഭജനവും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയും തയ്യാറായി. അതേ സമയം ബിജെപിയും എസ്ജെഎസ്‍യു വും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്സും ജെഎംഎമ്മും ആര്‍ജെഡിയും മഹാസഖ്യമായാണ് ഇത്തവണ ബിജെപിയെ നേരിടുന്നത്.

കഴിഞ്ഞ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റിലും കോണ്‍ഗ്രസ് തനിച്ചായിരുന്നു മല്‍സരിച്ചത്. വെറും ആറ് സീറ്റിലെ ജയം കൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ബിജെപിയെ എങ്ങനെയെങ്കിലും അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ വലിയ വിട്ടുവീഴ്ച ചെയ്താണ് ഇത്തവണ കോണ്‍ഗ്രസിന്‍റെ പടയൊരുക്കം.

ആകെയുള്ള 81 സീറ്റുകളില്‍ 43 സീറ്റുകളിലും ജെ എം എം ആണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ്സിന് 31 സീറ്റുകള്‍ മാത്രം.  ആര്‍ജെഡിക്ക് 7 സീറ്റുകള്‍. ജെ എം എം വര്‍ക്കിംഗ് പ്രസിഡണ്ട് ഹേമന്ത് സോറനാണ് സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഭരണവിരുദ്ധ വികാരം ജാര്‍ഖണ്ഡില്‍ ശക്തമാണെന്നും ഇത്തവണ ഭരണം പിടിക്കുമെന്നുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയ്ക്ക് ശേഷം കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ബിജെപിയാണ് ജാര്‍ഖണ്ഡില്‍ അധികാരത്തിലിരിക്കുന്നതെങ്കിലും കഴിഞ്ഞ തവണ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയിരുന്നില്ല. ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍റെ പിന്തുണയോടെയാണ് ജാര്‍ഖണ്ഡ് ഭരണം നിലനിര്‍ത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എജെഎസ് യു തനിച്ച് മല്‍സരിച്ച് 5 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ എജെ എസ് യുമായി ചേര്‍ന്ന് സഖ്യത്തിന് രൂപം നല്‍കാനാണ് ബിജെപി ശ്രമം.

click me!