
ദില്ലി: വടകര സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന് അവസാനം. വടകരയിൽ കെ മുരളീധരൻ സ്ഥാനാര്‍ത്ഥിയാവും. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് വടകര സീറ്റിൽ സ്ഥാനാര്‍ഥി തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് വിട്ടിരുന്നു. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ തുറന്ന പോര് തുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍റ് ഇടപെട്ട് അന്തിമ തീരുമാനം എടുത്തത്.
മുരളീധരന്‍റെ സ്ഥാനാർത്ഥിത്വം മുല്ലപ്പള്ളി സ്ഥിരീകരിച്ചു. പി ജയരാജനെ എതിരിടാൻ വടകരയിൽ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണം എന്ന് വടക്കൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം നിർബന്ധം പിടിച്ചിരുന്നു. ആദ്യമേ തോറ്റു എന്ന വികാരത്തോടെ ദുർബലരായ സ്ഥാനാർഥികളെ നിർത്താൻ ആലോചിച്ച നേതൃത്വത്തിനെതിരെ ശക്തമായ വികാരമാണ് പ്രവർത്തകരിൽ നിന്നുണ്ടായത്.
വയനാട്ടിൽ സിദ്ദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻചാണ്ടിയാണ് പ്രശ്ങ്ങൾക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോള്‍ പാലക്കാടും കാസർകോടും വിട്ടു വീഴ്ച ചെയ്തിട്ടും വയനാട്ടിൽ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ വാദം. സിദിഖിനെ വടകര ഇറക്കി വയനാട് ഷാനി മോൾക്ക് നൽകണമെന്ന ഐ ഗ്രൂപ്പ് ഫോർമുലക്കും എ വഴങ്ങിയില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഗ്രൂപ്പിന്റെ പേരിൽ അല്ല സിദിഖിനായി നിർബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി.
കേരളത്തിൽ 12 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കിയപ്പോള്‍ വടകര, വയനാട്, ആറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഈ നാലിടത്തും സ്ഥാനാര്‍ത്ഥി ആരാവണമെന്നത് സംബന്ധിച്ച് രൂക്ഷമായ തർക്കം പട്ടിക നിര്‍ണയത്തിന്റെ തുടക്കം മുതല്‍ നേരിട്ടിരുന്നു. തർക്കം തീർക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും എ ഐ ഗ്രൂപ്പ് തര്‍ക്കം തുറന്ന പോരിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. വയനാട്ടില്‍ ഷാനിമോൾ ഉസ്മാൻ, കെ പി അബ്ദുൾ മജിദ്, പി എം നിയാസ്, എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. വി വി പ്രകാശന്റേയും കെ.മുരളീധരന്റേയും പേരുകളും പരിഗണനാ പട്ടികയിലുണ്ടായിരുന്നു.
ഇക്കാര്യത്തെ ചൊല്ലി തെരഞ്ഞെടുപ്പ് സമിതിയിലുണ്ടായ തർക്കത്തെ തുടർന്ന് വയനാട്ടിലെ പ്രഖ്യാപനം മാറ്റിയത് വടകരയിൽ വിദ്യാ ബാലകൃഷ്ണന്റെ പേര് പ്രഖ്യാപിക്കാനുള്ള നീക്കത്തേയും ബാധിച്ചിരുന്നു. മണ്ഡലത്തില്‍ വിദ്യാ ബാലകൃഷ്ണന്‍ വന്നേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ വിദ്യയ്ക്കെതിരെ വടകരയില്‍ കോണ്‍ഗ്രസിന്റ പേരില്‍ പോസ്റ്ററുകളും വന്നു. എയില്‍ നിന്ന് ഐ ഗ്രൂപ്പിലെത്തിയ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറിയായ വിദ്യയെ വടകരക്ക് വേണ്ടെന്നായിരുന്നു സേവ് കോണ്‍ഗ്രസിന്‍റെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ പറഞ്ഞിരുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പോസ്റ്ററില്‍ വിമര്‍ശനമുണ്ടായിരുന്നു. എതിരാളിക്ക് കീഴടങ്ങുന്ന നയം വടകരയില്‍ വേണ്ടെന്നും, ജയരാജന് ഒത്താശ ചെയ്യുന്ന നേതൃത്വം പുനര്‍വിചിന്തനം നടത്തണമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യയുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ പി ജയരാജനെതിരെ മത്സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയല്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടി പ്രാദേശിക ഘടകത്തിലുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ശക്തനായ സ്ഥാനാർഥി വേണമെന്ന സമ്മർദ്ദം ഹൈക്കമാന്റിന് മേൽ സജീവമായത്. വടകരയിൽ മുല്ലപ്പളളിക്കായി കടുത്ത സമ്മര്‍ദം ഉയര്‍ന്നതോടെ സ്ഥാനാര്‍ഥിയാകണമെന്ന് മുല്ലപ്പള്ളിയോട് എ ഐ സിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് മുല്ലപ്പള്ളിയുടെ മറുപടി.