'ഒരു സ്ത്രീക്ക് കഴിവില്ലെന്ന് പറയുന്നത് സ്ത്രീ വിരുദ്ധമല്ല'; പരസ്യത്തെ ന്യായീകരിച്ച് സുധാകരന്‍

Published : Apr 17, 2019, 05:40 PM ISTUpdated : Apr 17, 2019, 05:51 PM IST
'ഒരു സ്ത്രീക്ക് കഴിവില്ലെന്ന് പറയുന്നത് സ്ത്രീ വിരുദ്ധമല്ല'; പരസ്യത്തെ ന്യായീകരിച്ച് സുധാകരന്‍

Synopsis

പരസ്യത്തില്‍ ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല. വിഷയം നിയമപരമായി നേരിടും. ഒരാളെ കുറിച്ച് മാത്രമാണ് പരസ്യത്തിൽ  പറഞ്ഞതെന്നും  കെ സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുറത്തുവിട്ട വീഡിയോക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കണ്ണൂര്‍ സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ഒരു സ്ത്രീക്ക് കഴിവില്ലെന്ന് പറയുന്നത് സ്ത്രീവിരുദ്ധമല്ല. എല്ലാ സ്ത്രീകളേയും ഉദ്ദേശിച്ചില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. പരസ്യത്തില്‍ ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല. വിഷയം നിയമപരമായി നേരിടും. ഒരാളെ കുറിച്ച് മാത്രമാണ് പരസ്യത്തിൽ  പറഞ്ഞത്. പരസ്യത്തില്‍ ഒരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

കെ സുധാകരന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പ്രചാരണ പരസ്യത്തിനെതിരെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലും ശക്തമായി പ്രതിഷേധിച്ചിരുന്നു.  കെ സുധാകരന്‍റെ തെര‍ഞ്ഞെടുപ്പ് പ്രചാരണ പരസ്യം സ്ത്രീത്വത്തെ ആകെ അപമാനിക്കുന്നതാണെന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പ്രതികരിച്ചത്. പരസ്യം സ്ത്രീകളെയും പ്രത്യേകിച്ച് എതിര്‍സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയെയും ആക്ഷേപിക്കുന്നതാണെന്നും ജോസഫൈൻ പറ‌ഞ്ഞു. 

"ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെൻറിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല........" " ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി"  എന്ന കുറിപ്പോടെയാണ് സുധാകരൻ ഫേസ്ബുക്കിൽ ഒന്നര മിനുട്ട് ദൈർഘ്യമുള്ള പ്രചരണ പരസ്യം പങ്കുവച്ചത്

ഒരു വീട്ടിലെ സ്വത്ത് തര്‍ക്കം എന്ന തോന്നിപ്പിക്കുന്ന രീതിയിൽ ആരംഭിക്കുന്ന പരസ്യം 'അവൾ ' പോയാൽ ഒന്നും നടക്കില്ല എന്നും ആൺകുട്ടി തന്നെ പോകണം കാര്യങ്ങൾ ശരിയാക്കാൻ എന്നുമുള്ള രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്‍റില്‍ പി കെ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും പരസ്യം കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. 

"ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി"  എന്ന പരസ്യത്തിലെ കഥാപാത്രത്തിന്‍റെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. പെൺകുട്ടികളെ കൊണ്ട് ഒന്നിനും കഴിയില്ലെന്നുള്ള കടുത്ത സ്ത്രീ വിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്നതാണ് പരസ്യമെന്നാണ് ആരോപണം. നേരത്തെ ഇറച്ചിവെട്ടുന്നയാളെ തൊഴിലിന്‍റെ പേരിൽ ആക്ഷേപിച്ചെന്ന പരാതി സുധാകരന്‍റെ മറ്റൊരു പ്രചാരണ പരസ്യത്തിനെതിരെ ഉയർന്നിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?