സീറ്റൊന്നുമില്ല, പക്ഷേ..; കമല്‍ ഹാസന്റെ 'മക്കള്‍ നീതി മയ്യ'ത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനം ഇങ്ങനെ

By Web TeamFirst Published May 24, 2019, 9:23 AM IST
Highlights

രണ്ട് പ്രബല ദ്രാവിഡ പാര്‍ട്ടികളില്‍ ഒന്നിനോടും സഖ്യത്തിലാവാതെ, സ്വതന്ത്രമായ നില സ്വീകരിക്കുന്നതിന്റെ ഗുണവും ദോഷവും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്.
 

എല്ലാ തെരഞ്ഞെടുപ്പുകളും രണ്ട് മുഖ്യ ദ്രാവിഡ പാര്‍ട്ടികളുടെ മത്സരമായി മാറാറുള്ള തമിഴ്‌നാട്ടില്‍ ഇത്തവണ മാധ്യമശ്രദ്ധ നേടിയ ഒന്നായിരുന്നു കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം. 2018 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. പ്രചരണരംഗത്ത് സജീവമായിരുന്നു കമല്‍. എന്നാല്‍ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന് സീറ്റൊന്നുമില്ല. പക്ഷേ കമലിന്റെ രാഷ്ട്രീയ പ്രവേശത്തെ ജനം ശ്രദ്ധിച്ചിട്ടേയില്ലെന്ന് പറയാനും പറ്റില്ല.

13 ലോക്‌സഭാ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് മക്കള്‍ നീതി മയ്യം. ഗ്രാമപ്രദേശങ്ങളേക്കാള്‍ നഗര-വ്യവസായ മേഖലകളിലാണ് എംഎന്‍എമ്മിന് വോട്ട് ഷെയര്‍ കൂടുതല്‍. 10 മുതല്‍ 12 ശതമാനം വരെയാണ് മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്. ചെന്നൈ സെന്‍ട്രല്‍, ചെന്നൈ നോര്‍ത്ത്, ചെന്നൈ സൗത്ത്, കോയമ്പത്തൂര്‍, ശ്രീപെരുമ്പുത്തൂര്‍, തിരുവള്ളൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, മധുര, നീലഗിരി, പൊള്ളാച്ചി, തെങ്കാശി എന്നിവയാണ് എംഎന്‍എം സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍. ഇതില്‍ കോയമ്പത്തൂര്‍ സ്ഥാനാര്‍ഥി ആര്‍ മഹേന്ദ്രനും സൗത്ത് ചെന്നൈ സ്ഥാനാര്‍ഥി ആര്‍ രംഗരാജനും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചു. 12 ശതമാനമാണ് ഇരുവരുടെയും വോട്ട് ഷെയര്‍.

ജയലളിതയുടെ മരണശേഷം എഐഡിഎംകെയുടെ കടുത്ത വിമര്‍ശകനായാണ് കമല്‍ഹാസന്‍ രാഷ്ട്രീയ വേദികളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നത്. എടപ്പാടി സര്‍ക്കാരിനെതിരേ നിരന്തരം അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്ന കമല്‍ തമിഴ് ഗ്രാമങ്ങളുടെ വികസനത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. രണ്ട് പ്രബല ദ്രാവിഡ പാര്‍ട്ടികളില്‍ ഒന്നിനോടും സഖ്യത്തിലാവാതെ, സ്വതന്ത്രമായ നില സ്വീകരിക്കുന്നതിന്റെ ഗുണവും ദോഷവും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. ഏതെങ്കിലുമൊരു പാര്‍ട്ടിയോട് ഐക്യപ്പെടാതെ തമിഴ്‌നാട്ടിലെ വളര്‍ച്ച ദുഷ്‌കരമായിരിക്കുമ്പോള്‍ തന്നെ അതിനൊരുമ്പെട്ടാല്‍ ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന പാര്‍ട്ടി എന്ന പ്രതിച്ഛായ നഷ്ടമാവുമെന്നും വിലയിരുത്തപ്പെടുന്നു. 

click me!