'എനിക്ക് നഷ്ടപ്പെടാനൊന്നുമുണ്ടായിരുന്നില്ല', ഏറെ പിന്നിലാകുമ്പോഴും കനയ്യ കുമാർ പറയുന്നു

Published : May 23, 2019, 04:36 PM ISTUpdated : May 23, 2019, 04:37 PM IST
'എനിക്ക് നഷ്ടപ്പെടാനൊന്നുമുണ്ടായിരുന്നില്ല', ഏറെ പിന്നിലാകുമ്പോഴും കനയ്യ കുമാർ പറയുന്നു

Synopsis

ബിഹാറിലെ ബെഗുസരായിയിൽ ബിജെപി സ്ഥാനാർത്ഥി ഗിരിരാജ് സിംഗുമായി ഏതാണ്ട് പകുതിയിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ പിന്നിലാണ് ജെഎൻയു സമരനായകനും സിപിഐ സ്ഥാനാർത്ഥിയുമായ കനയ്യ കുമാർ. 

ബിഹാർ: ബിഹാറിലെ ബെഗുസരായിയിൽ സിപിഐ സ്ഥാനാർത്ഥിയും ജെഎൻയു സമരനായകനുമായ കനയ്യ കുമാർ ഏറെ പിന്നിൽ. രണ്ടരലക്ഷത്തോളം വോട്ടുകളാണ് കനയ്യ കുമാറിന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി ഗിരിരാജ് സിംഗിനാകട്ടെ ആറേമുക്കാൽ ലക്ഷത്തോളം വോട്ടുകളുണ്ട്. മഹാസഖ്യത്തിന്‍റെ സ്ഥാനാർത്ഥിയായ ആർജെഡ‍ിയുടെ തൻവീർ ഹസ്സന് ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 

മണ്ഡലത്തിലെ ബാക്കി സ്ഥാനാർത്ഥികളുടെയെല്ലാം വോട്ടുകൾ ചേർത്താലുള്ളതിനേക്കാൾ ഒന്നര ലക്ഷത്തോളം വോട്ടുകൾ കൂടുതലുണ്ട് കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിംഗിന്. ഒരു കാലത്ത് 'ബിഹാറിന്‍റെ ലെനിൻഗ്രാഡ്' എന്നറിയപ്പെട്ടിരുന്ന ബെഗുസരായ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപിയുടെ സ്വന്തം മണ്ഡലമാണ്. ഉത്തരേന്ത്യയിൽ സിപിഐ ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ച് പുലർത്തിയ മണ്ഡലം കൂടിയായിരുന്നു ബെഗുസരായ്. 

കനയ്യക്ക് വേണ്ടി, ജെഎൻയുവിലെ വിദ്യാർത്ഥികളൊന്നടങ്കം അണിനിരന്ന് പ്രചാരണത്തിനെത്തി. സ്വരാ ഭാസ്കറടക്കം, ബിജെപിയെ എതിർക്കുന്ന ബോളിവുഡിലെ സെലിബ്രിറ്റികളും കനയ്യക്ക് വേണ്ടിയുള്ള പ്രചാരണത്തിന്‍റെ ഭാഗമായി. 

നഷ്ടപ്പെടാനൊന്നുമില്ലെന്ന് കനയ്യ

'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. വോട്ടുകളുടെ എണ്ണക്കണക്കിൽ ഒരുപക്ഷേ ഞാൻ ഏറെ പിന്നിലായിരിക്കാം. പക്ഷേ ഈ തെരഞ്ഞെടുപ്പ് എനിക്ക് പകർന്നു തന്ന പാഠങ്ങൾ ചെറുതല്ല. കഴിഞ്ഞ തവണത്തേത് പോലെ, ജനങ്ങൾ ഏറെ ഉത്സാഹത്തോടെ ബിജെപിക്ക് വോട്ട് ചെയ്യാൻ പോയതായി ഞാൻ കാണുന്നില്ല', കനയ്യ പറയുന്നു.

എന്തുകൊണ്ടാകാം കണക്കുകളിൽ പിന്നാക്കം പോയത്? പ്രതിപക്ഷ സഖ്യത്തിന്‍റെ പരാജയമാകാം തന്‍റെ തോൽവിക്ക് കാരണമെന്ന് കനയ്യ വിലയിരുത്തുന്നു. ''ബിജെപിക്കെതിരെ വോട്ട് ചെയ്യണമെങ്കിൽ ആർക്ക്? അവർക്ക് അധികാരം കിട്ടുമോ? പ്രതിപക്ഷം ഒന്നിച്ച് വരുമോ എന്നടക്കമുള്ള ആശയക്കുഴപ്പങ്ങൾ ജനങ്ങൾക്ക് ഉണ്ടായിരിക്കാം, അതാകാം ഞാൻ പിന്നിൽ പോകാൻ കാരണം'', കനയ്യ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കനയ്യ 4 ബെഗുസരായ്

ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുലയുടെ ആത്മഹത്യയും ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസുകളും രാജ്യത്തെ കലാലയങ്ങളിൽ ഉയർത്തിയ അലയൊലികൾ ചെറുതല്ല. 'ആസാദി' എന്ന മുദ്രാവാക്യം രാജ്യത്തെ കലാലയങ്ങളിൽ പ്രതിരോധത്തിന്‍റെ സ്വരമായി. ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ വിദ്യാ‍ർത്ഥികൾ തെരുവിലിറങ്ങി. ഇതിനെതിരെയുള്ള പ്രചാരണങ്ങളും സജീവമായിരുന്നു. ജെഎൻയു, എച്ച്‍സിയു വിദ്യാ‍ർത്ഥികൾ രാജ്യദ്രോഹികളാണെന്നായിരുന്നു പ്രചാരണം. 

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്, ഡോക്ടറേറ്റ് നേടി, ഡോ. കനയ്യ കുമാറായാണ് ആ പഴയ ജെഎൻയു യൂണിയൻ ചെയർമാൻ സ്വന്തം ഗ്രാമമായ ബെഗുസരായിൽ തിരിച്ചെത്തിയത്. 

കനയ്യയുടെ പ്രചാരണത്തിൽ നിന്ന് ചില ചിത്രങ്ങൾ:

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?