
പാലക്കാട്: പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച റെയിൽവേ കോച്ച് ഫാക്ടറി നടപ്പാക്കുമെന്ന് പറഞ്ഞാണ് ഇപ്പോഴും പാലക്കാട്ടെ സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നത്. എന്നാൽ ഫാക്ടറിക്കായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ 449 ഏക്കർ ഭൂമി ഇന്ന് ആനയിറങ്ങുന്ന കാടായി മാറിയ നിലയാണ്.
ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ജയിപ്പിച്ചാൽ കഞ്ചിക്കോട് ഫാക്ടറി നടപ്പാക്കിത്തരാമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചത്. ഇന്ദിരാ ഗാന്ധി പോയിട്ട് പിന്നെ പല സർക്കാരുകൾ വന്നു. ഇന്നും രാഷ്ട്രീയക്കാർക്ക് വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായി മാറിയ നിലയിലാണ് കോച്ച് ഫാക്ടറി. കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ രാജ്നാഥ് സിംഗ് പ്രസംഗം വ്യക്തമാക്കുന്നത് ഇതു തന്നെയാണ്.
ഇതേ ബിജെപി കഴിഞ്ഞ അഞ്ചുവർഷമായി ഭരിച്ചിട്ടും ഒന്നും നടന്നില്ലല്ലോ എന്ന് ചോദിച്ചാൽ ഉത്തരമില്ല. എൽഡിഎഫ് യുഡിഎഫ് മുന്നണികളും പരസ്പരം കോച്ച് ഫാക്ടറി വിഷയത്തില്‍ പഴിചാരുകയാണ്.
പല കാരണങ്ങൾ കൊണ്ട് വൈകിച്ച പദ്ധതി 2008 -2009 റെയിൽവേ ബജറ്റിലാണ് പ്രഖ്യാപിച്ചത്. തർക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ 449 ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകി. കോട്ടമൈതാനിയിൽ ആഘോഷമായി തറക്കല്ലുമിട്ടു. എന്നാൽ ഈ കാടും നോക്കി നിൽക്കാനാണ് പാലക്കാട്ടുകാരുടെ യോഗമെന്നാണ് നാട്ടുകാര്‍ പറയുന്നത്.