
ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക വെറും നാട്യം മാത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. തിങ്കളാഴ്ചയാണ് സങ്കൽപ് പത്ര എന്ന് പേരിട്ട് ബിജെപി തങ്ങളുടെ 2019 തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. ഇതിൽ ഒന്നുമില്ലെന്നും ബിജെപിയുടെ ഏറ്റവും പുതിയ കപടതയാണ് ഇതെന്നുമാണ് കപിൽ സിബലിന്റെ വിമർശനം. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ ബിജെപിക്ക് സാധിച്ചില്ല എന്നും കപിൽ സിബൽ കൂട്ടിച്ചേർക്കുന്നു. ട്വീറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ബിജെപി പത്രികയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ ശബ്ദം പോലെയാണ് ഈ പത്രികയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ദീർഘവീക്ഷണമില്ലാത്തതും ധാർഷ്ട്യം നിറഞ്ഞതുമായി ഉള്ളടക്കമാണിതിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ദേശീയതയ്ക്കും രാജ്യസുരക്ഷയ്ക്കും തൊഴിൽ സ്ഥിരതയ്ക്കും പ്രാധാന്യം നൽകിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപിയുടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ എന്ന് തലക്കെട്ട് നൽകി ആറ് പ്രധാനപ്പെട്ട കാര്യങ്ങളെ അക്കമിട്ട് നിരത്തിയാണ് കപിൽ സിബലിന്റെ ട്വീറ്റ്.