Latest Videos

കർണാടകത്തിൽ പ്രതീക്ഷയോടെ കോണ്‍ഗ്രസും ജെഡിഎസും, സഖ്യത്തിലെ വിമത നീക്കങ്ങളുടെ ഉറപ്പോടെ ബിജെപി

By Web TeamFirst Published Apr 17, 2019, 8:57 AM IST
Highlights

ബിജെപിയുടെയും പ്രാദേശിക കോൺഗ്രസുകാരുടെയും പിന്തുണയോടെ പുതിയ റിബൽ സ്റ്റാറായി അവതരിച്ച സുമലത അംബരീഷും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിലും പൊരുതുന്ന മണ്ഡ്യ ഏറ്റവും ശ്രദ്ധേയം


ബെംഗലൂരു: തെക്കൻ കർണാടകത്തിൽ നിർണായകമായ പതിനാല് മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്. കൂടുതൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ജെഡിഎസ് സഖ്യം. സഖ്യത്തിലെ വിമതനീക്കങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ.

ആവേശം തിളച്ചുമറിഞ്ഞ കർണാടകത്തിലെ മിക്ക മണ്ഡലങ്ങളിലും നാളെയാണ് പോളിങ്. ബിജെപിയുടെയും പ്രാദേശിക കോൺഗ്രസുകാരുടെയും പിന്തുണയോടെ പുതിയ റിബൽ സ്റ്റാറായി അവതരിച്ച സുമലത അംബരീഷും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിലും പൊരുതുന്ന മണ്ഡ്യ ഏറ്റവും ശ്രദ്ധേയം. ഇവിടെ മാത്രമാണ് കർണാടകത്തിൽ തെരഞ്ഞെടുപ്പെന്ന് തോന്നുമെന്ന് കുമാരസ്വാമി പറഞ്ഞ മണ്ഡ്യയുടെ വിധി, സഖ്യസർക്കാരിന്‍റെ തന്നെ വിധിയായേക്കാനുള്ള സാധ്യതകളും ഏറെയാണ്.

കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റായ തുമകൂരുവിൽ വിമതരെ ദേവഗൗഡയ്ക്ക് പേടിയുണ്ട്. ഹാസനിൽ മുൻ കോൺഗ്രസ് നേതാവ് എ മഞ്ജുവിനോട് ഈസി വാക്കോവർ ഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണ പ്രതീക്ഷിക്കുന്നില്ല. ബെംഗളൂരു നോർത്തിൽ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും നേർക്കുനേർ. കോൺഗ്രസിന്‍റെ കൃഷ്ണബൈര ഗൗഡയെ വീഴ്ത്തി സീറ്റ് നിലനിർത്താനാകുമോ എന്ന ആശങ്കയുണ്ട് സദാനന്ദ ഗൗഡയ്ക്ക്.

ശോഭ കരന്തലജെയുടെ ഉഡുപ്പി-ചിക്ക്മഗളൂരു, ദക്ഷിണ കന്നഡ സീറ്റുകളിൽ ബിജെപിക്ക് പ്രതീക്ഷയേറെയാണ്. ബിജെപിയുടെ സിറ്റിങ് സീറ്റായ മൈസൂരു, ഒന്നിച്ച് നിൽക്കുമ്പോൾ കൂടെപ്പോരുമെന്ന് കോൺഗ്രസ്-ജെഡിഎസ് സഖ്യം വിശ്വസിക്കുന്നു.

ബെംഗളൂരു സെൻട്രലിൽ സ്വതന്ത്രനായി നടൻ പ്രകാശ് രാജ്, ചിക്കബെല്ലാപുരയിൽ മുൻ മുഖ്യമന്ത്രി വീരപ്പമൊയ്‍ലി, കോലാറിൽ കെ എച്ച് മുനിയപ്പ, ബെംഗളൂരു സൗത്തിൽ ബിജെപിയുടെ പുതുമുഖം തേജസ്വി സൂര്യ എന്നിവർക്കൊക്കെ നാളെ നിർണായകമാണ്. 2014ൽ ഈ പതിനാലിൽ ആറെണ്ണം കോൺഗ്രസും ആറെണ്ണം ബിജെപിയും ജയിച്ച് കയറിയതാണ്. ജെ‍ഡിഎസിന് ആകെ കിട്ടിയ രണ്ട് സീറ്റ്, മണ്ഡ്യയും ഹാസനുമാണ്.

മേഖലയിൽ വൊക്കലിഗ സമുദായത്തിന്‍റെ സ്വാധീനം, ബിജെപിയുടെ സംഘടനാ ദൗർബല്യം എന്നിവ വിമതനീക്കങ്ങളെ മറികടക്കാൻ സഖ്യത്തിന് കരുത്താകുന്നു. പഴയ മൈസൂരുവിലേക്ക് കടന്നുകയറാൻ ചവിട്ടുപടിയാകും ഈ തെരഞ്ഞെടുപ്പെന്നാണ് ബിജെപി വിലയിരുത്തല്‍. ഈ പതിനാലിലുളളത് കർണാടക രാഷ്ട്രീയത്തിന്‍റെ കൂടി ഭാവിയാണെന്ന് വ്യക്തം.

click me!