
ദില്ലി: തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി പ്രശസ്ത നടനും എംപിയുമായിരുന്ന വിനോദ് ഖന്നയുടെ ഭാര്യ കവിതാ ഖന്ന. തെരഞ്ഞെടുപ്പിന് തയ്യാറാകാൻ പാർട്ടിയിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായിരുന്നെന്നും, എന്നാൽ സണ്ണി ഡിയോൾ പാർട്ടിയിലെത്തിയപ്പോൾ തനിക്ക് പാർട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ടെന്നും കവിതാ ഖന്ന പറഞ്ഞു. വ്യക്തിപരമായി പാർട്ടിക്ക് വേണ്ടി സീറ്റ് വേണ്ടെന്ന ത്യാഗം ചെയ്യുകയാണെന്നും മോദിക്കൊപ്പം തന്നെ നിൽക്കുമെന്നും കവിതാ ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പഞ്ചാബിലെ ഗുരുദാസ് പൂർ മണ്ഡലത്തിലെ എംപിയായിരുന്നു വിനോദ് ഖന്ന. ഖന്നയുടെ മരണശേഷം ഈ സീറ്റ് കവിതാ ഖന്നയ്ക്ക് നൽകുമെന്ന അഭ്യൂഹങ്ങൾ നേരത്തേ ഉയർന്നിരുന്നു. മത്സരിക്കാൻ തയ്യാറെടുക്കണമെന്ന് പഞ്ചാബ് പാർട്ടി ഘടകത്തിൽ നിന്ന് നിർദേശം ലഭിച്ചിരുന്നുവെന്നാണ് കവിതാ ഖന്ന പറയുന്നത്. എന്നാൽ സണ്ണി ഡിയോൾ പാർട്ടിയിലെത്തിയതോടെ സീറ്റ് കയ്യിൽ നിന്ന് പോയി.
''വേറൊരു സ്ഥാനാർത്ഥിയെ തീരുമാനിച്ചെന്ന് പോലും എന്നെ അറിയിക്കാൻ പാർട്ടി തയ്യാറായില്ല. ഇതെനിക്ക് അപമാനമായാണ് തോന്നിയത്. പാർട്ടിയാണ് ആരാണ് മത്സരിക്കേണ്ടതെന്നെല്ലാം തീരുമാനിക്കേണ്ടതെന്നതെല്ലാം ശരിതന്നെ. പക്ഷേ, അതിനൊരു മര്യാദയുണ്ട്'', കവിതാ ഖന്ന പറയുന്നു.
എന്നാൽ മോദിയെ തള്ളിപ്പറയാൻ കവിതാ ഖന്ന തയ്യാറല്ല. ''ഇത് ത്യാഗമാണെന്നും ഇനിയും ബിജെപിയ്ക്കും മോദിയ്ക്കും ഒപ്പം തുടരും'', കവിതാ ഖന്ന വ്യക്തമാക്കുന്നു.