സമയം കഴിഞ്ഞിട്ടും ക്യൂവിൽ കാത്ത് നിന്ന് കാവ്യാ മാധവനും

By Web TeamFirst Published Apr 23, 2019, 7:12 PM IST
Highlights

വെണ്ണല സ്കൂളിലാണ് കാവ്യ വോട്ട് ചെയ്യാൻ വന്നത്. സമയം കഴിഞ്ഞിട്ടും ബൂത്തിൽ നൂറുകണക്കിന് പേർ ഇപ്പോഴും വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ്. 

കൊച്ചി: എറണാകുളത്ത് വെണ്ണല ഹൈസ്‌കൂൾ ബൂത്തിൽ നൂറുകണക്കിന് പേർ ഇപ്പോഴും വോട്ട് ചെയ്യാൻ കാത്തിരിക്കുന്നു. നടി കാവ്യാ മാധവനും വരിയിൽ കാത്ത് നിൽക്കുകയാണ്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വോട്ടെടുപ്പ് ഇത്ര വൈകാൻ കാരണം എന്നാണ് നാട്ടുകാരുടെ പരാതി. 

സംസ്ഥാനത്ത് വോട്ടെടുപ്പ് സമയം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് തുടരുകയാണ്. വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് ശേഷവും മിക്ക ബൂത്തിന് മുന്നിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. നഗരമേഖലയിലും ഗ്രാമ പ്രദേശങ്ങളിലും എല്ലാം ഈ തിരക്ക് അവസാന മണിക്കൂറിലും ഉണ്ട് എന്നതും ശ്രദ്ധേയമാണ്. ആറ് മണിക്ക് മുൻപ് ക്യൂവിലുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാൻ അവസരം നൽകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. ഇതനുസരിച്ച് എല്ലാവര്‍ക്കും സ്ലിപ്പ് നൽകിയിട്ടുണ്ട്.

വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ വ്യാപക ക്രമക്കേട് പോളിംഗിനെ തടസപ്പെടുത്തിയെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. മണിക്കൂറുകൾ ക്യൂ നിന്ന ശേഷമാണ് പലര്‍ക്കും വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞത്. ഇടുക്കി കോട്ടയം തുടങ്ങിയ മധ്യകേരളത്തിലെ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം 2004 ലെ പോളിംഗ് ശതമാനത്തിന് സമാനമായ അവസ്ഥയിലാണ്. പത്തനംതിട്ട മണ്ഡലങ്ങളിലെ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം അഞ്ച് മണിക്ക് മുൻപ് തന്നെ മറികടന്നിരുന്നു. 

കൊല്ലം പട്ടത്താനത്ത് വോട്ടിംഗ് സമയം കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിരയാണ്. സാവധാനമാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് വോട്ടര്‍മാര്‍ പരാതിപ്പെട്ടു. മൂവാറ്റുപുഴക്ക് സമീപം മുളവുകാട് എൽപി സ്കൂളിൽ നിരവധി പേർ ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ട്. പത്തനംതിട്ട മണ്ഡലത്തിലെ പൂഞ്ഞാറിലെ 6, 7 ബൂത്തുകളിൽ പോളിംഗ് അവസാനിച്ചിട്ടില്ല. തിരുവനന്തപുരത്ത് ബീമാപള്ളിയിൽ വോട്ടര്‍മാരും പോളിംഗ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി. ആറ് മണിക്ക് ശേഷം ബൂത്തിലെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാതെ പോളിംഗ് ബൂത്തിന്‍റെ ഗേറ്റ് അടച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 

പാലക്കാട്ടും പൊന്നാനിയിലും എല്ലാം പല പോളിംഗ് ബൂത്തിന് മുന്നിലും സമയം കഴിഞ്ഞിട്ടും തിരക്കുണ്ട്. മണിക്കൂറുകളോളം കാത്തു നിന്ന പലരും മടങ്ങി പോകുന്ന അവസ്ഥയുമുണ്ട്. റാന്നിയിൽ 72 നമ്പർ ബൂത്തിൽ 150 ഓളം ആളുകളും 119 ൽ 300 ഓളം ആളുകളും ക്യൂ നിൽക്കുകയാണ്. ടോക്കണ്‍ നൽകിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ആറ് മണിക്ക് ശേഷം ആലപ്പുഴയിലെ 125-ാം ബൂത്തിൽ 200 ലേറെ പേർ വോട്ടു ചെയ്യാനുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ 250 ലേറെ ബൂത്തുകളിൽ  ആറ് മണിക്ക് ശേഷവും വോട്ടെടുപ്പ് തുടരുകയാണ്. മലപ്പുറം കൊണ്ടോട്ടിയിൽ നൂഞ്ഞിക്കര ബൂത്തിൽ  100 ലധികം പേർ ക്യൂവിലുണ്ട്.

ആറരകഴിഞ്ഞിട്ടും നൂറുകണക്കിന് പേരാണ് കാസർകോട് മണ്ഡലത്തിലെ ചില ബൂത്തുകളിൽ വോട്ട് ചെയ്യാനായി കാത്തിരിക്കുന്നത്. പലയിടത്തും രാത്രി വൈകിയും പോളിംഗ് തുടരാനാണ് സാധ്യത. വടകര അങ്ങാടി താഴെ 136ആ നമ്പർ ബൂത്തിൽ നിരവധിപേർ വോട്ട് ബഹിഷ്കരിച്ച് മടങ്ങി. അരിമ്പൂരിന് സമീപം വെളുത്തൂരിലെ പോളിംഗ് ബൂത്തിൽ നീണ്ട ക്യുവാണ്.500 ലധികം പേർക്കാണ് ഇവിടെ ടോക്കൺ നൽകിയത്. 

click me!