ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും; 'ആപ്പി'ന്‍റെ സർവേ ഫലവുമായി കെജ്‍രിവാൾ

By Web TeamFirst Published Mar 13, 2019, 2:24 PM IST
Highlights

ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള പ്രശ്‌നം ബിജെപി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും അത് ജനങ്ങള്‍ക്കിടയില്‍ അവരുടെ പ്രതിച്ഛായ നഷ്ടപ്പെടാൻ ഇടയാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു.
 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം നേരിടുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടിയുടെ സർവേ ഫലം പുറത്തു വിട്ടുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള പ്രശ്‌നം ബിജെപി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും അത് ജനങ്ങള്‍ക്കിടയില്‍ അവരുടെ പ്രതിച്ഛായ നഷ്ടപ്പെടാൻ ഇടയാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു.

സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും ബിജെപി പരാജയം നേരിടുമെന്നാണ് പ്രവചിച്ചത്. പുൽവാമ ഭീകരാക്രമണത്തെ സമീപിച്ച രീതി തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വലിയ തിരിച്ചടി തന്നെ സമ്മാനിക്കുമെന്നാണ് സർവേയിലൂടെ വ്യക്തമാകുന്നതെന്നും കെജ്രിവാൾ പറഞ്ഞു.

അതേസമയം കെജ്രിവാളിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാജ്യത്തെ ധീര ജവാന്‍മാര്‍ നടത്തിയ പോരാട്ടത്തെ കെജ്രിവാള്‍ അളന്ന് നോക്കി ലാഭവും നഷ്ടവും തിട്ടപ്പെടുത്തുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

കോൺ​ഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ ദില്ലിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും ആം ആദ്മി ജയിക്കുമെന്ന്  കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന്  രാഹുൽ ​ഗാന്ധി അറിയിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.

click me!