വിട്ടുവീഴ്ചയില്ലാതെ ജോസഫും മാണിയും; കേരളാ കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക്

By Web TeamFirst Published Mar 9, 2019, 11:28 AM IST
Highlights

ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് പിജെ ജോസഫ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയെന്ന് ജോസഫിന് ജോസ് കെ മാണിയുടെ മറുപടി 

കോട്ടയം: ലോക്സഭാ സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് എം പൊട്ടിത്തെറിയിലേക്ക്. ഒരു സീറ്റേ വിട്ടുകൊടുക്കൂ എന്ന് കോൺഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളാ കോൺഗ്രസിന് കിട്ടിയ ഒരു മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് പിജെ ജോസഫിന്‍റെ താൽപര്യം. അത് കോട്ടയമാണെങ്കിൽ അങ്ങനെ അല്ലെങ്കിൽ കോട്ടയം വച്ച് മാറി  ഇടുക്കി പോലുള്ള മറ്റേതെങ്കിലും മണ്ഡലമായാലും മതിയെന്നാണ് പിജെ ജോസഫിന്‍റെ നിലപാട്. മത്സരിക്കാൻ സന്നദ്ധനാണെന്ന് ജോസഫ് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ കേരളാ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ കോട്ടയം വച്ചുമാറാനില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് മാണി വിഭാഗം. സ്ഥാനാര്‍ത്ഥിയാകുമെന്ന പിജെ ജോസഫിന്‍റെ പ്രഖ്യാപനത്തോട് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുക എന്ന മറുപടിയാണ് ജോസ് കെ മാണി നൽകുന്നത്. ഞായറാഴ്ച ഉച്ചക്ക് ശേഷം കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും ജോസ് കെ മാണി പറയുന്നു. 

പാര്‍ട്ടിയോട് ഇടഞ്ഞ് നിൽക്കുന്ന പിജെ ജോസഫിനുള്ള മറുപടിയായി മാത്രമല്ല ജോസ് കെ മാണിയുടെ വാക്കുകൾ എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. ജോസഫിനെ കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകാനും കേരളാ കോൺഗ്രസിലെ പടലപിണക്കങ്ങൾക്ക് പരിഹാരം കാണാനുമുള്ള കോൺഗ്രസ് ശ്രമങ്ങൾക്കും ഇത് തിരിച്ചടിയാകുകയാണ്. ജോസഫ് മത്സരിക്കുന്നെങ്കിൽ കോട്ടയം വച്ച് മാറി ഇടുക്കി നൽകാമെന്നും അതല്ലെങ്കിൽ ജോസഫ് അവകാശവാദം ഉന്നയിച്ച സ്ഥിതിക്ക് ജോസഫിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാകാമെന്നുമാണ് കോൺഗ്രസ് മുന്നോട്ട് വച്ച നിര്‍ദ്ദേശം. ഇത് രണ്ടും തള്ളി കോട്ടയം വിട്ടുകൊടുക്കില്ലെന്നും സ്ഥാനാര്‍ത്ഥിയെ കേരളാ കോൺഗ്രസിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുമെന്നും ജോസ് കെ മാണി പറയുമ്പോൾ ഒത്തു തീര്‍പ്പ് സാധ്യകളും മങ്ങുകയാണ്. അഭിപ്രായ സമന്വയത്തിലെത്താൻ നാളെ ചേരുന്ന യോഗത്തിനും കഴിഞ്ഞില്ലെങ്കിൽ കേരളാ കോൺഗ്രസിനെ കാത്തിരിക്കുന്നത് അനിവാര്യമായ മറ്റൊരു പിളര്‍പ്പ് കൂടിയാകും

click me!