ബത്തേരിയില്‍ ഇടത് സഖ്യമുപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം; നിര്‍ദ്ദേശം തള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍

By Web TeamFirst Published Apr 5, 2019, 11:12 AM IST
Highlights

ഇടതുമുന്നണിയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അതിനാല്‍ രാജിവയ്ക്കാനാവില്ലെന്നുമുള്ള സാബുവിന്‍റെ വിശദീകരണത്തില്‍ കേരള കോണ്‍ഗ്രസ് എം ജില്ലാകമ്മിറ്റി തൃപ്തരല്ല.

വയനാട്: യുഡിഎഫിന് ഒപ്പം നില്‍ക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിര്‍ദ്ദേശം തള്ളി ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍. രാഹുല്‍ ഗാന്ധി പത്രിക നല്‍കും മുമ്പ് എല്‍ഡിഎഫുമായുള്ള സഖ്യമുപേക്ഷിക്കണമെന്ന നിര്‍ദ്ദേശം കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതി അംഗം കൂടിയായ ടി എല്‍ സാബു അംഗീകരിച്ചിട്ടില്ല. ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും തള്ളിയിരിക്കുകയാണ്. 

രാജിവയ്ക്കാനാലവില്ലെന്ന നിലപാടിലാണ് സാബു എന്നാണ് ലഭിക്കുന്ന വിവരം. ഇടതുമുന്നണിക്കൊപ്പം സഹകരിക്കാമെന്ന ധാരണയിലാണ് സാബുവെന്നുമാണ് കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃത്വം പറയുന്നത്. 

ഇടതുമുന്നണിയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അതിനാല്‍ രാജിവയ്ക്കാനാവില്ലെന്നുമുള്ള സാബുവിന്‍റെ വിശദീകരണത്തില്‍ ജില്ലാകമ്മിറ്റി തൃപ്തരല്ല. രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനെത്തുന്നതിന് മുമ്പ് രാജിവയ്ക്കണമെന്ന് ജോസ് കെ മാണി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ സാബു ഇതുവരെ തയ്യാറായിട്ടില്ല. 

സാബുവിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ്  ദേവസ്യ വ്യക്തമാക്കുന്നത്. ഏപ്രില്‍ 2 ന് ശേഷം ഫോണ്‍ എടുക്കാന്‍ പോലും സാബു തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വയനാട് കോണ്‍ഗ്രസിനൊപ്പം നിന്നില്ലെങ്കില്‍ കോട്ടയത്ത് കാണാമെന്നാണ് യുഡിഎഫ് നിലപാട്. വിഷയത്തില്‍ സംസ്ഥാന നേതാക്കളും ഇടപെട്ടിരിക്കുകയാണ്. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സഹായത്തോടെ മുന്‍സിപ്പല്‍ ചെയര്‍മാനായ സാബു പിന്നീട് ഇടതുമുന്നണിക്കൊപ്പം പോയി. ഇടതുമുന്നണിയുടെ സഹായത്തോടെ മുന്‍സിപ്പല്‍ ചെയര്‍മാനായി. കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റ അംഗം മാത്രമാണ് ഉള്ളത്. അന്ന് ഇടതുമുന്നണിയുമായി സാബു ധാരണയിലെത്തിയിരുന്നു. 

click me!