പിജെ ജോസഫിന് സീറ്റ് നിഷേധിച്ചു; കേരള കോൺഗ്രസ് എമ്മിൽ പ്രതിഷേധരാജി തുടരുന്നു

By Web TeamFirst Published Mar 12, 2019, 9:49 AM IST
Highlights

കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യനും പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാജി വെച്ചിരുന്നു

തിരുവനന്തപുരം: പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി എം ജോർജ്ജും പദവി രാജിവച്ചു. നാല് ജനറൽ സെക്രട്ടറിമാരാണ് ജില്ലയിൽ പാർട്ടിക്കുള്ളത്. 

തുടർന്ന് കേരള കോൺഗ്രസ് സ്ഥാനാർഥി തർക്കത്തിൽ വേണ്ടിവന്നാൽ കോൺഗ്രസ് ഇടപെടുമെന്ന്  യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റിൽ ഒരു പാളിച്ച ഉണ്ടാകാൻ അനുവദിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.  കെ എം മാണിയുമായും പി ജെ ജോസഫുമായുയും ഫോണിൽ സംസാരിച്ചു. കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ നിന്നും നാളെ തിരികെയെത്തിയശേഷം പ്രശ്നപരിഹാരമുണ്ടാകുമെന്നും ബെന്നി ബെഹ്നാൻ അറിയിച്ചിരുന്നു. 

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് കോട്ടയത്തെ കേരളാ കോൺഗ്രസ് കോൺഗ്രസ് എമ്മിന്‍റെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ തീരുമാനിച്ച വിവരം കെ എം മാണി പ്രത്യേക ദൂതൻ വഴി പി ജെ ജോസഫിനെ അറിയിച്ചത്. അപ്പോൾ മുതൽ ജോസഫിന്‍റെ തൊടുപുഴയിലെ വസതിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടന്നു. മാണിയുടെ തീരുമാനം സ്വീകാര്യമല്ലെന്നും കേട്ടുകേൾവിയില്ലാത്ത വിധം തന്നെ അവഗണിച്ചുവെന്നും പി ജെ ജോസഫ് പ്രതികരിച്ചു.  ജില്ല മാറി മത്സരിക്കുന്നത് സാധാരണമായൊരു കാര്യമാണെന്നും ഇതിന് മുമ്പും അത്തരം നിരവധി ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. അതിനാൽ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

click me!