രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കെ സി വേണുഗോപാലിന്‍റെ ചരട് വലി; ഭയപ്പെടുന്നില്ലെന്ന് കോടിയേരി

By Web TeamFirst Published Mar 23, 2019, 2:23 PM IST
Highlights

അമേഠി തോൽക്കുമെന്ന് ഉറപ്പുളളത് കൊണ്ടാണോ രാഹുൽ വയനാട്ടിലേക്ക് വരുന്നതെന്ന് കോടിയേരി. കോൺഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചതെന്നും ഇടത് മുന്നണി അതിനെ ഭയക്കുന്നില്ലെന്നും കോടിയേരി.

തിരുവനന്തപുരം: കോൺഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയുടെ അനന്തരഫലമാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐ ഗ്രൂപ്പിന്‍റെ ചരട് വലിക്കുന്ന കെസി വേണുഗോപാലിന്‍റെ നേതൃത്തിലുള്ള ഇടപെടലാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

വയനാട്ടിൽ ശക്തമായ മത്സരം ഇടത് മുന്നണി നടത്തും. ഇടത് മുന്നണിക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ല. ആത്മവിശ്വാസത്തോടെ തന്നെ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും തിരിച്ചടിയാവും. സിദ്ധീഖ് സ്ഥാനാര്‍ത്ഥിയാവുന്നതില്‍ ഐ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. അവര്‍ രഹസ്യയോഗം ചേര്‍ന്ന് പല മണ്ഡലങ്ങളിലും എതിര്‍പ്രചാരണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് നേതാവായ കെസി വേണുഗോപാല്‍ ചരടുവലിച്ചാണ് അമേത്തിയില്‍ നിന്നും രാഹുലിനെ ഇങ്ങോട്ട് കൊണ്ടു വരുന്നത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19000 വോട്ടിന്‍റെ വ്യത്യാസം മാത്രമേ വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ളൂ.  രാഹുല്‍ ഗാന്ധി വരുന്നതോടെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വയനാട്ടിലേക്ക് വരും അതോടെ മറ്റു മണ്ഡലങ്ങളില്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവും. രാഹുല്‍ ഗാന്ധി വരുന്നതോടെ കോണ്‍ഗ്രസിന്‍റേയും യുഡിഎഫിന്‍റേയും മുഴുവന്‍ ശ്രദ്ധയും അവിടെയാവും. 

ആദ്യമായാണ് രണ്ട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്നത്. അങ്ങനെ രണ്ട് സീറ്റിലും ജയിച്ചാല്‍ അദ്ദേഹം എവിടെയാണ് എംപിയായി തുടരുക. അതോ അമേത്തിയില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണോ രാഹുല്‍ ഇങ്ങോട്ട് വരുന്നത്. ഈ കാര്യങ്ങളെല്ലാം യുഡിഎഫും കോണ്‍ഗ്രസും വ്യക്തമാക്കണം. 

click me!