പരാതികൾ പരിഹരിക്കണം; ശശി തരൂരിന്‍റെ പ്രചാരണത്തിൽ ഇന്ന് മുല്ലപ്പള്ളി പങ്കെടുക്കും

By Web TeamFirst Published Apr 13, 2019, 6:14 AM IST
Highlights

വൈകുന്നേരം ആറിന് പേട്ടയിൽ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളനം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു


തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്‍റെ പ്രചാരണത്തിൽ ഇന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കും. വൈകുന്നേരം ആറിന് പേട്ടയിൽ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളനം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. എഐസിസി, കെപിസിസി നേതൃത്വങ്ങൾ പ്രശ്‌നത്തിൽ ഇടപെട്ടതിനെ തുടർന്നാണ് ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം എന്നിവ ഇന്നലെ മുതൽ വേഗത്തിലാക്കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കൾ സജീവമല്ലെന്ന് കാണിച്ച് തരൂർ ക്യാമ്പ് നൽകിയ പരാതിയെ തുടർന്ന് ജില്ലയിലെ നേതാക്കൾക്ക് കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. മെല്ലെപ്പോക്കിന് പിന്നിൽ വിഎസ് ശിവകുമാർ എംഎൽഎയാണെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു. ഇത് നിഷേധിച്ച വി എസ് ശിവകുമാർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും നൽകി.

ഇതിനിടെ ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ഐഎൻടിയുസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. കല്ലിയൂർ മുരളിയുടെ വീടിന്‍റെ മതിലിൽ വരച്ച കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചുചേർക്കുകയും ചെയ്തു. ശിവകുമാർ അടക്കമുള്ള നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്നും കല്ലിയൂർ മുരളി പറഞ്ഞു.

എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിക്കെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്‍റെ മറുപടി. മുരളിയുടെ പാർട്ടിമാറ്റത്തിന് തരൂരിന്‍റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. 

അതേ സമയം തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് താൻ പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞിരുന്നു. പ്രചാരണത്തിൽ എന്തെങ്കിലും പോരായ്‌മ ഉണ്ടെങ്കിൽ പാർട്ടി പരിഹരിക്കും. അവസാന റൗണ്ടിൽ ആണ് കോൺഗ്രസ് പ്രചാരണം ശക്തമാകുകയെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.

click me!