തോല്‍ക്കുമെന്ന് സിപിഎമ്മിന് ഉറപ്പുണ്ട്; ഭരണത്തിന്‍റെ വിലയിരുത്തലെന്ന് പറയാന്‍ ഭയം: മുല്ലപ്പള്ളി

Published : Sep 26, 2019, 04:47 PM IST
തോല്‍ക്കുമെന്ന് സിപിഎമ്മിന് ഉറപ്പുണ്ട്; ഭരണത്തിന്‍റെ വിലയിരുത്തലെന്ന് പറയാന്‍ ഭയം: മുല്ലപ്പള്ളി

Synopsis

ജനപിന്തുണ ഉണ്ടാകുമെന്ന് പറയാനുള്ള ആത്മവിശ്വാസം ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു ഡി എഫ് ഉജ്വല വിജയം നേടും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും പാലാ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നത് പാലായിലും വരാന്‍ പോകുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലും തോല്‍ക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് ഇനി 20 മാസം മാത്രമേ കാലാവധിയുള്ളു എന്നതാണ് കോടിയേരി നിരത്തുന്ന ന്യായീകരണം. എന്നാല്‍ ജനപിന്തുണ ഉണ്ടാകുമെന്ന് പറയാനുള്ള ആത്മവിശ്വാസം ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. പാലാ ഉള്‍പ്പടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു ഡി എഫ് ഉജ്വല വിജയം നേടുമെന്ന് കോടിയേരിക്ക് വ്യക്തമായി അറിയാം. എല്ലാ തെരഞ്ഞെടുപ്പും സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്നതാണ് വസ്തുത. സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ദയനീയമായി തോറ്റ എല്‍ ഡി എഫ്, തങ്ങള്‍ ജനങ്ങളില്‍ നിന്നും വളരെയധികം അകന്നുപോയി. കേരളം കണ്ട ഏറ്റവും മോശപ്പെട്ട സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അധികാരമേറ്റ അന്ന് മുതല്‍ ഇന്നുവരെ പിണറായി സര്‍ക്കാന്‍ വലിയ ദുരന്തമാണെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനമാണ്. വകുപ്പുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ല. ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുകയാണ്. പ്രളയ ബാധിതര്‍ ദുരിതാശ്വാസ സഹായം കിട്ടാതെ വലയുന്നു.ഭരണം നടത്തുന്നതിനെക്കാള്‍ മുഖ്യന്ത്രിക്കും മന്ത്രിമാര്‍ക്കും താല്‍പ്പര്യം ആഢംബരത്തിലും ധൂര്‍ത്തിലുമാണ്. യു ഡി എഫ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങള്‍ക്ക് ശരിയായ വിശദീകരണം നല്‍കാന്‍ പോലും സര്‍ക്കാരിനാവുന്നില്ല. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ജനവിധി കൂടിയായിരിക്കും ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?