ഗവർണർ കസേര വിട്ട് കുമ്മനം സജീവ രാഷ്ട്രീയത്തിലേക്ക്; ജയിച്ച് കയറാൻ കാർഡെല്ലാം പുറത്തെടുത്ത് ബിജെപി

By Web TeamFirst Published Mar 8, 2019, 3:33 PM IST
Highlights

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കുമ്മനത്തെ ദേശീയ നേതൃത്വം മിസോറാം ഗവർണറാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തിരിച്ചിറക്കുമ്പോൾ ബിജെപിക്ക് പാർലമെന്‍റ്  സീറ്റിൽ കുറഞ്ഞ മറ്റൊന്നും നേതൃത്വം പ്രതീക്ഷിക്കുന്നില്ല

ദില്ലി: മിസോറാം ഗവർണ്ണർ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്പോൾ വലിയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തിൽ അമിത് ഷായ്ക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന നിലപാട് ആർഎസ്എസ് നേതൃത്വവും ആവർത്തിച്ച് കൊണ്ടിരുന്നു.

ഏറ്റവും ഒടുവിൽ ഗ്വാളിയറിൽ നടക്കുന്ന ആർഎസ്എസ് അഖിലേന്ത്യാ പ്രതിനിധി സഭയിലാണ് അന്തിമധാരണയുണ്ടായത്. സംഘടനാചുമതലയുള്ള രാംലാൽ അമിത്ഷായുമായും പ്രധാനമന്ത്രിയുമായും ഇന്നലെ രാത്ര ചർച്ച നടത്തി. തുടർന്നാണ് രാജിവയ്ക്കാൻ പ്രധാനമന്ത്രി അനുമതി നല്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ ഉടൻ രാജിനല്കുന്നതാണ് ഉചിതമെന്നും വിലയിരുത്തി.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കുമ്മനത്തെ ദേശീയ നേതൃത്വം മിസോറാം ഗവർണറാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തിരിച്ചിറക്കുമ്പോൾ  പാർലമെന്‍റ്  സീറ്റിൽ കുറഞ്ഞ മറ്റൊന്നും ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നില്ല. കുമ്മനത്തെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പാർട്ടിയിൽ വലിയ എതിർപ്പുയർന്നിരുന്നു. പ്രധാനമന്ത്രി നിർദ്ദേശിച്ചതനുസരിച്ചാണ് അന്ന് കുമ്മനം സ്ഥാനം ഏറ്റെടുത്തത്. നിലവിൽ കേരളത്തിൽ പാർട്ടിക്ക് ലോക്സഭാ സീറ്റു നേടാനുള്ള അന്തരീക്ഷമുണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

തിരുവനന്തപുരം പത്തനംതിട്ട എന്നീ സീറ്റുകളിലേക്കാണ് കുമ്മനത്തിൻറെ പേര് ഉയർന്നു വന്നത്. സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയ്ക്ക് കുമ്മനത്തോടുള്ള അതൃപ്തിയാണ് മാറ്റിയതിലൂടെ പ്രകടമായതെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ കുമ്മനത്തെ ഭരണരംഗത്തേക്ക് കൊണ്ടുവരികയാണ് ചെയ്തതെന്നായിരുന്നു ബിജെപി നേതാക്കളുടെ വിശദീകരണം. നിർണ്ണയാക തെരഞ്ഞെടുപ്പിൽ ഒരു ഗവർണ്ണറെ തന്നെ രാജിവയ്പിച്ച്  ബിജെപി എല്ലാ കാർഡുകളും പുറത്തിറക്കുകയാണ്.

click me!