യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നോ? കുമ്മനം രാജശേഖരൻ പ്രതികരിക്കുന്നു

Published : Mar 30, 2019, 02:34 PM ISTUpdated : Mar 30, 2019, 03:14 PM IST
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നോ? കുമ്മനം രാജശേഖരൻ പ്രതികരിക്കുന്നു

Synopsis

കോളേജ് പഠന കാലത്ത് കെഎസ്‌യു പിന്തുണയിൽ മത്സരിച്ചതിനെ കുറിച്ചും കുമ്മനം വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: ഇക്കുറി കേരളത്തിൽ ബിജെപിക്ക് വലിയ വിജയപ്രതീക്ഷകളുളള മണ്ഡലമാണ് തിരുവനന്തപുരം. മിസോറാമിൽ ഗവർണറായി പോയ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്തേക്ക് തിരികെ കൊണ്ടുവന്നതിന്റെ കാരണവും ഇതാണ്. യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ശശി തരൂരും എൽഡിഎഫ് സ്ഥാനാർത്ഥിയായ സി ദിവാകരനും കൂടിയായതോടെ മണ്ഡലത്തിൽ തീപാറുമെന്ന് ഉറപ്പായി.

എന്നാൽ ഇതിനിടെയാണ് ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ കുമ്മനം രാജശേഖരനെ പ്രതിരോധത്തിലാക്കുന്ന ഒരു വാദം ഉയർന്നുവന്നത്. കുമ്മനം രാജശേഖരൻ പഴയ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നാണ് വാദം. കേട്ടവർ കേട്ടവർ അത് വിശ്വസിച്ച് ഷെയർ ചെയ്തപ്പോൾ ബിജെപിയുടെ അംഗത്വം പോലുമില്ലാതെ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായെന്ന വിശേഷണമുളള കുമ്മനത്തിന് മറ്റൊരു പട്ടം കൂടി ചാർത്തിക്കിട്ടി.

എന്നാൽ ഇങ്ങിനെയൊരു കാര്യം തന്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് തറപ്പിച്ച് പറയുകയാണ് കുമ്മനം രാജശേഖരൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് ലൈവിൽ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "ഞാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്ന പ്രചാരണം വ്യാജമാണ്. എവിടെ നിന്നാണ് അവർക്കീ വിവരം കിട്ടിയതെന്ന് അറിയില്ല," എന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.

യൂത്ത് കോൺഗ്രസ് അംഗത്വം നിഷേധിച്ച കുമ്മനം പക്ഷെ കെഎസ്‌യു പിന്തുണയോടെ മത്സരിച്ച കാര്യം മറച്ചുവെച്ചില്ല. "ശരിയായ മറ്റൊരു കാര്യമുണ്ട്. കോളേജിൽ പഠിച്ചിരുന്ന കാലത്ത് നാചുറൽ സയൻസ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഞാൻ മത്സരിച്ചിരുന്നു. സ്വതന്ത്രനായാണ് മത്സരിച്ചത്. അന്ന് എസ്എഫ്ഐയും കെഎസ്‌യുവും ഒന്നും അത്ര ശക്തമല്ല. കൂടുതൽ പേരും സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കാറ്. ആ തെരഞ്ഞെടുപ്പിൽ എന്നെ കെഎസ്‌യു പിന്തുണച്ചു. അന്ന് മത്സരിച്ച കുറേ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് കെഎസ്‌യു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആ കൂട്ടത്തിൽ എനിക്കും പിന്തുണ അറിയിച്ചുവെന്നേയുളളൂ.  അല്ലാതെ അത് ഞാൻ കെഎസ്‌യു ആയത് കൊണ്ടൊന്നുമല്ല," അദ്ദേഹം വിശദീകരിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?