വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമെന്ന് ഒ രാജഗോപാൽ: നാളെ പ്രചാരണം തുടങ്ങും

By Web TeamFirst Published Sep 28, 2019, 5:47 PM IST
Highlights

ആദ്യം മത്സരിക്കില്ലെന്നായിരുന്നു കുമ്മനം പറഞ്ഞിരുന്നത്. കുമ്മനം തന്നെ മത്സരിക്കുമെന്ന് വ്യക്തമായതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ നടക്കാൻ പോകുന്നത്.

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കായി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിക്കും. കുമ്മനം മത്സരിക്കുമെന്ന് മുതിർന്ന നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാലാണ് അറിയിച്ചത്. മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച കുമ്മനത്തെ തന്നെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

കുമ്മനം മത്സരിക്കുമെന്ന് തനിക്ക് ഉറപ്പ് നൽകിയതായി ഒ രാജഗോപാൽ പറഞ്ഞു. ''കുമ്മനം മത്സരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നെ ഇക്കാര്യത്തിൽ കുമ്മനം സമ്മതമറിയിച്ച് കഴിഞ്ഞു. ഇനി കേന്ദ്രനേതൃത്വം ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയേ വേണ്ടൂ. നാളെ മുതൽ കുമ്മനം പ്രചാരണത്തിനിറങ്ങും", ഒ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

വട്ടിയൂർക്കാവിൽ ഇനി ത്രികോണപ്പോര്

കുമ്മനം മത്സരിക്കുമെന്ന് അറിയിപ്പ് വന്നതോടെ വട്ടിയൂർക്കാവിലെ മത്സരചിത്രം തെളിഞ്ഞിരിക്കുകയാണ്. കെ മോഹൻ കുമാറാണ് വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി. തിരുവനന്തപുരം മേയർ വി കെ പ്രശാന്താണ് ഇടത് സ്ഥാനാർത്ഥി. ഇക്കുറിയും ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിലെന്ന് ഇതോടെ ഉറപ്പായി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്ന എ പ്ലസ് കാറ്റഗറിയിലാണ് വട്ടിയൂർക്കാവിനെ ബിജെപി ഉൾപ്പെടുത്തിയത്. വട്ടിയൂർക്കാവിൽ 2011-ലും 2016-ലും ശക്തമായ മത്സരമാണ് നടന്നത്. കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടിയ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനാണ്. 7622 വോട്ടുകളായിരുന്നു 2016-ൽ കെ മുരളീധരന്‍റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് കുമ്മനമായിരുന്നു. അന്ന്, സിപിഎമ്മിനായി മത്സരിച്ച ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഭൂരിപക്ഷം കോൺഗ്രസിനായിരുന്നെങ്കിലും അവിടെയും രണ്ടാം സ്ഥാനം കുമ്മനത്തിനായിരുന്നു. 2836 വോട്ടുകളുടെ നേരിയ ഭൂരിപക്ഷം മാത്രമാണ് അന്ന് തരൂർ നേടിയത്. നഗരകേന്ദ്രീകൃത മണ്ഡലമാണ് വട്ടിയൂർക്കാവ്. ബിജെപിയുടെ വലിയ ശക്തികേന്ദ്രവും. അവിടെ പൊരിഞ്ഞ പോരാട്ടം കാഴ്ച വച്ചാൽ, നല്ല സ്ഥാനാർത്ഥിയുമാണെങ്കിൽ ബിജെപിയ്ക്ക് വിജയസാധ്യതയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാൻ മിസോറം ഗവർണർ സ്ഥാനം രാജിവച്ച് എത്തിയ കുമ്മനത്തിന് ആ തരത്തിൽ നല്ല ഇമേജുണ്ട് ബിജെപി പ്രവർത്തകർക്കിടയിൽ. നിലവിൽ എറ്റവും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെന്ന നിലയിലാണ് നേതൃത്വം കുമ്മനത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

click me!