പരസ്യമായി വോട്ട് ചോദിച്ചു; രാജ്മോഹൻ ഉണ്ണിത്താനെതിരെ എല്‍ഡിഎഫിന്റെ പരാതി

By Web TeamFirst Published May 19, 2019, 12:08 PM IST
Highlights

പോളിംഗിനിടെ രാജ്മോഹൻ ഉണ്ണിത്താൻ പരസ്യമായി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫിന്റെ പരാതി. 

കാസര്‍കോട്: കാസര്‍കോട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെതിരെ എല്‍ ഡി എഫിന്റെ പരാതി. റീപോളിംഗിനിടെ രാജ്മോഹൻ ഉണ്ണിത്താൻ പരസ്യമായി വോട്ട് ചോദിച്ചെന്നാണ് പരാതി. 

പിലാത്തറയിലെ പോളിംഗ്  ബൂത്തിനകത്ത് വെച്ചും ക്യൂവിൽ നിന്ന വോട്ടർമാരോടും വോട്ട് ചോദിച്ചെന്നാണ് പരാതി ഉയര്‍ന്നത്. ഇതുസംബന്ധിച്ച് എൽ ഡി എഫ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. അതേസമയം, ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന ആരോപണം രാജ് മോഹൻ ഉണ്ണിത്താൻ നിഷേധിച്ചു. തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തുമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്നാണ് കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്. കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ജനവിധി. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, പിലാത്തറയിലും ധർമടത്തെ ഒരു ബൂത്തിലും വോട്ടെടുപ്പിനിടെ തർക്കമുണ്ടായി. 

click me!