അക്രമരാഷ്ട്രീയം തിരിച്ചടിയായോ? വടകരയില്‍ പി ജയരാജനെ പരാജയപ്പെടുത്തിയതെന്ത്?

By Web TeamFirst Published May 23, 2019, 8:27 PM IST
Highlights

വൈകിയെത്തിയ മുരളീധരന്‍ കൊലപാതക രാഷ്ട്രീയമെന്ന ആയുധം ജയരാജന് നേരെ തലങ്ങും വിലങ്ങും പ്രയോഗിച്ചു

വടകര: പി ജയരാജനെ ഇറക്കി മണ്ഡലം തിരികെ പിടിക്കാനുള്ള നീക്കത്തിനേറ്റ കനത്ത പ്രഹരമാണ് വടകരയിലെ കെ മുരളീധരന്‍റെ വിജയം. ശക്തി കേന്ദ്രമായ മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച പോലും തടയാന്‍ വടകരയില്‍ സിപിഎമ്മിനായില്ല.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് വടകരയിലെത്തിയ ജയരാജന് വിജയമല്ലാതെ മറ്റൊന്നും ആലോചിക്കാനാകുമായിരുന്നില്ല. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ യുഡിഎഫ് ക്ലേശിച്ച ആദ്യ ഘട്ടത്തില്‍  ജയരാജന്‍ പ്രചാരണത്തില്‍ മുന്‍പിലെത്തി. വൈകിയെത്തിയ മുരളീധരന്‍ കൊലപാതക രാഷ്ട്രീയമെന്ന ആയുധം ജയരാജന് നേരെ തലങ്ങും വിലങ്ങും പ്രയോഗിച്ചു. 

അക്രമരാഷ്ട്രീയത്തിന്‍റെ ഇരയെന്നതായിരുന്നു ജയരാജന്‍റെ പ്രതിരോധായുധം. എന്നാല്‍ ഇത് ഫലം കണ്ടില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം. ഏഴ് മണ്ഡലങ്ങളിലെ സിപിഎം ശക്തികേന്ദ്രമായ കൂത്തുപറമ്പില്‍ പോലും മേല്‍ക്കോയ്മ നേടാന്‍ ജയരാജനായില്ല. കൂത്തുപറമ്പില്‍ നാലായിരത്തില്‍പരം വോട്ടുകള്‍ക്കാണ് കെ മുരളീധരന്‍ മുന്നിലെത്തിയത്. തലശ്ശേരിയില്‍ മാത്രമാണ് മുന്നിലെത്താനെങ്കിലുമായത്. മറ്റ് മണ്ഡലങ്ങളിലും അ‍ഞ്ചക്ക ഭൂരിപക്ഷത്തിന് ജയരാജന്‍ പിന്നിലായി.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ചെങ്കിലും സിപിഎമ്മിന് അനുകൂലമായില്ല, ആര്‍എംപി വോട്ടുകളും നിര്‍ണ്ണായകമായി. വീരേന്ദ്രകുമാറിന്‍റെ എല്‍ജെഡിയുടെ സഹകരണം പ്രതീക്ഷിച്ചിടത്ത് പാതി വോട്ടുപോലും പെട്ടിയില്‍ വീണിട്ടുണ്ടാകുമോയെന്നും സംശയമാണ്. കോലീബി ആരോപണം മുന്‍കൂട്ടി എറിഞ്ഞെങ്കിലും ബിജെപി വോട്ടുകളില്‍ മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവുണ്ടാകാത്തതിനാല്‍ അതും ഫലം കണ്ടില്ലെന്ന് വേണം വിലയിരുത്താന്‍.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!