പൊന്നാനി സ്ഥാനാർത്ഥി ഇന്ന്, ജെഡിഎസിനും എൽജെഡിക്കും എതിർപ്പ്; ഇടത് മുന്നണിയോഗം വൈകീട്ട്

By Web TeamFirst Published Mar 8, 2019, 11:00 AM IST
Highlights

യുഡിഎഫുമായി താരതമ്യം ചെയ്യുമ്പോൾ വിലപേശാൻ ശക്തി കുറവുളള കക്ഷികളെ ഘട്ടം ഘട്ടമായി ഒതുക്കുകയാണ് സിപിഎം തന്ത്രം.ഇന്ന് ചേരുന്ന ഇടുതുമുന്നണിയോഗം ഫലത്തിൽ സിപിഎം 16 സീറ്റിലും സിപിഐ 4 സീറ്റിലും മൽസരിക്കുമെന്ന പ്രഖ്യാപനത്തിന് മാത്രമുള്ളതാകും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ നിർണ്ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇടത് മുന്നണിയോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. ഘടകകക്ഷികൾക്ക് ഇത്തവണ സീറ്റില്ലെന്നും പതിനാറിടത്ത് സിപിഎം സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നും തീരുമാനമായെങ്കിലും പൊന്നാനി സീറ്റിന്റെ കാര്യത്തിൽ അന്തിമ ധാരണയിലെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല.

പൊന്നാനിയിൽ ആര് മത്സരിക്കുമെന്ന തീരുമാനമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഇന്ന് എല്ലാവരും ഉറ്റു നോക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന സമിതി ചേർന്നെങ്കിലും പേരിൽ ധാരണയില്ലാതെ പിരിയുകയായിരുന്നു. പിവി അന്‍വര്‍ എംഎല്‍എ, വി.അബ്ദുറഹ്മാന്‍, റിയാസ് പുളിക്കലത്ത് എന്നിവരുടെ പേരുകളാണ് പൊന്നാനി മണ്ഡലത്തിലേക്ക് പ്രാദേശിക നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും അബ്ദു റഹ്മാനും റിയാസ് പുളിക്കലത്തും അറിയിച്ചതോടെ പിവി അന്‍വര്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ ഉണ്ടായിരുന്നത്.

എന്നാല്‍ മറ്റു പേരുകള്‍ കൂടി പരിണഗണിക്കണം എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. മലപ്പുറത്ത് നടന്ന ചര്‍ച്ചകളില്‍ പിടി കുഞ്ഞുമുഹമ്മദിന്‍റെ പേരാണ് ഏറ്റവും ഒടുവില്‍ കടന്നു വന്നിരിക്കുന്നത്. സിഡ്കോ ചെയര്‍മാന്‍ റിയാസ് പുളിക്കലത്തിനെ ഇവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഇന്നലെ സജീവമായി ആലോചിച്ചിരുന്നുവെങ്കിലും മത്സരിക്കാന്‍ താത്പര്യമില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. പിവി അന്‍വര്‍ മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്‍ഥി ആണെങ്കിലും അദ്ദേഹത്തിന് ഉയര്‍ന്ന ആരോപണങ്ങള്‍ ആണ് നേതൃത്വത്തെ പിന്നോട്ട് വലിക്കുന്നത്. 

എന്‍സിപിയും ജനാധിപത്യ കോണ്‍ഗ്രസും പത്തനംതിട്ട സീറ്റിന് വേണ്ടിയും ജനതാദള്‍ എസ് കോട്ടയം സീറ്റിന് വേണ്ടിയും ഇപ്പോഴും ഉറച്ചു നിന്നു വാദിക്കുകയാണ്. സീറ്റ് ലഭിക്കാത്ത പക്ഷം സ്വന്തം നിലയക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്ന ആവശ്യം ജെഡിഎസിനുള്ളില്‍ ഉണ്ടെങ്കിലും ഇത് സിപിഎം കാര്യമായി എടുക്കുന്നില്ല. പാര്‍ട്ടിയിലെ അഭ്യന്തരപ്രശ്നമാണ് ശബ്ദം കനപ്പിക്കാന്‍ ജെഡിഎസിനെ പ്രേരിപ്പിക്കുനന്തെന്നും അത് സ്വയം അടങ്ങുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

മുഖ്യമന്ത്രിയും കോടിയേരിയും ഇന്ന് ഘടകക്ഷി നേതാക്കളെ കാണുന്നുണ്ട്. മൂന്ന് മണിക്കാണ് ഇടത് മുന്നണിയോഗം. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജനതാദള്‍ എസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ എസിന്‍റെ സംസ്ഥാനസമിതി യോഗം വൈകിട്ട് ചേരുന്നുണ്ട്.

സിപിഐ ഇതര കക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി പി എം അറിയിച്ചിട്ടുണ്ട്. ജനതാദൾ എസിന്‍റെ ഒരു സീറ്റുകൂടി ഏറ്റെടുത്താണ് സിപിഎം ഇത്തവണ 16 സ്ഥാനാർതഥികളെ നിർത്തുന്നത്. മാത്യു ടി തോമസിനെ മാറ്റി കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കിയതിലുള്ള ആഭ്യന്തരപ്രശ്നമാണ് പ്രതിഷേധത്തിന് കാരണമെന്നും താനേ കെട്ടടങ്ങുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. 

കോഴിക്കോടും വടകരയിലും സ്വാധീനമുള്ള ലോക് താന്ത്രിക് ജനതാദളിന് നേരത്തെ രാജ്യസഭാ സീറ്റ് നൽകിയതും, മദ്ധ്യ തിരുവിതാംകൂറിൽ സ്വാധീനമുള്ള ജനാധിപത്യ കേരളാ കോൺഗ്രസിന് ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തും അവരെ ഏതാണ്ട് അനുനയിപ്പിച്ചുകഴിഞ്ഞു. യുഡിഎഫുമായി താരതമ്യം ചെയ്യുമ്പോൾ വിലപേശാൻ ശക്തി കുറവുളള കക്ഷികളെ ഘട്ടം ഘട്ടമായി ഒതുക്കുകയാണ് സിപിഎം തന്ത്രം. ഇന്ന് ചേരുന്ന ഇടുതുമുന്നണിയോഗം ഫലത്തിൽ സിപിഎം 16 സീറ്റിലും സിപിഐ 4 സീറ്റിലും മൽസരിക്കുമെന്ന പ്രഖ്യാപനത്തിന് മാത്രമുള്ളതാകും. അടുത്ത തെരഞ്ഞെടുപ്പാകുമ്പോൾ സിപിഐയുടെ സീറ്റുകളിലും വല്യേട്ടൻ കണ്ണുവയ്ക്കുമോ എന്നത് കണ്ടറിയണം.

click me!