കേരളത്തിൽ ഇടതുപക്ഷം ആദ്യം ജയിക്കുന്നത് വയനാട്ടിൽ; കോൺഗ്രസിന്‍റേത് പൊള്ളയായ വാദങ്ങളെന്ന് പി പി സുനീർ

By Web TeamFirst Published Apr 21, 2019, 11:31 AM IST
Highlights

വയനാടിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കാതെയാണ് പ്രിയങ്ക പ്രസംഗിക്കുന്നതെന്നും പി പി സുനീർ പറഞ്ഞു.

വയനാട്: കേരളത്തിൽ ഇടതുമുന്നണി വിജയിക്കുന്ന ആദ്യ മണ്ഡലം വയനാട് ആയിരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീർ. എതിർ സ്ഥാനാർത്ഥിയും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നത് കോൺഗ്രസിന്‍റെ പൊള്ളയായ അവകാശ വാദം മാത്രമാണ്. കോൺഗ്രസ് മുമ്പും ഇത്തരത്തിലുള്ള കണക്കുകളുമായി വന്നിട്ടുണ്ടെന്നും എന്നാൽ ഫലം നേർവിപരീതമായിരുന്നെന്നും പി പി സുനീർ പറഞ്ഞു.

വയനാട് മണ്ഡലത്തിലെ ഓരോ വോട്ടർമാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് ഈ ദിവസങ്ങളെല്ലാം ഉപയോഗിച്ചത്. കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിൽ ഒന്നും നടന്നിട്ടില്ല. വയനാട്ടിലെ കർഷകർ വലിയ പ്രതിഷേധത്തിലാണ്. ഒരിക്കൽക്കൂടി യുഡിഎഫിന് വോട്ട് നൽകാൻ വയനാട്ടിലെ ജനം തയ്യാറാകില്ലെന്നാണ് പ്രതീക്ഷയെന്നും പി പി സുനീർ പറഞ്ഞു.

വയനാട് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ എത്താത്ത പല സ്ഥലങ്ങളുമുണ്ടെന്നും എന്നാൽ എല്ലാവരെയും കണ്ട് വോട്ട്  അഭ്യർത്ഥിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും പി പി  സുനീർ അവകാശപ്പെട്ടു. അവസാന സമയങ്ങളിലും പരമാവധി ആളുകളെ നേരിട്ട് കാണാനാണ് ശ്രമിക്കുന്നതെന്നും സുനീർ കൂട്ടിച്ചേർത്തു.

വയനാട്ടിൽ പര്യടനം നടത്തുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെയും പി പി സുനീർ വിമർശിച്ചു. വയനാടിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കാതെയാണ് പ്രിയങ്ക പ്രസംഗിക്കുന്നതെന്നായിരുന്നു പി പി സുനീറിന്‍റെ വിമർശനം.

click me!