
കോട്ടയം: തെരഞ്ഞെടുപ്പിന്റെ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയപാർട്ടി സ്ഥാനാർത്ഥികളെ കലക്ടറേറ്റിൽ വിളിച്ച് വരുത്തിയാണ് തെരഞ്ഞെടുപ്പിലെ ചട്ടങ്ങളെക്കുറിച്ച് കമ്മീഷൻ ഓർമ്മിപ്പിച്ചത്. അറിയുന്നതും അറിയാത്തതുമായ ചട്ടങ്ങളെക്കുറിച്ച് കമ്മീഷൻ നിരീക്ഷകർ വിശദീകരിച്ചപ്പോൾ അത് പല നേതാക്കളേയും അമ്പരപ്പിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാതെയുള്ള പ്രചാരണങ്ങളോ പ്രവർത്തനങ്ങളോ നടത്തുകയാണെങ്കിൽ എതിരഭിപ്രായങ്ങൾക്ക് സ്ഥാനമില്ലാതെ നിയമം അതിന്റെ വഴിയേ പോകുമെന്നും നിരീക്ഷകർ അറിയിച്ചു. തിങ്കളാഴ്ചയാണ് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം കലക്ടറേറ്റിൽ വിളിച്ച് ചേർത്തത്.
രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് മുതൽ പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാരമ്പര്യമുള്ളവർ വരെ യോഗത്തിൽ പങ്കെടുത്തിരുന്നു. പൊതുവെ തെരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് ബോധവാൻമാരാണ് മിക്ക രാഷ്ട്രീയകക്ഷികളും. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് കമ്മീഷൻ ഓർമ്മിപ്പിച്ചതിൽ പലതും രാഷ്ട്രീയ പാർട്ടികളേയും പ്രതിനിധികളേയും ഒരുപോലെ അമ്പരിപ്പിച്ചവയാണ്.
സ്ഥാനാർത്ഥിക്ക് ഒപ്പമുള്ള അകമ്പടി ബൈക്കിൽ ഒരു കൊടിയും ഒരാളും മാത്രമേ പാടുള്ളു. ബൈക്കിന്റെ മൊത്തം ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തും. സ്വകാര്യ വാഹനത്തിൽ പ്രചാരണം നടത്താനും അനുമതി വാങ്ങിക്കണം. സ്റ്റിക്കർ ഒട്ടിക്കണമെങ്കിൽ പോലും അനുമതി വേണം. ഇത് സ്ഥാനാർഥിയുടെ ചെലവിൽ വരും. തെരഞ്ഞെടുപ്പ് ഓഫീസ് തുടങ്ങാൻ അനുമതി വേണം. അത്തരം അനുമതിയില്ലാത്ത ഓഫീസുകൾ നീക്കം ചെയ്യാവുന്നതാണ്. തെരഞ്ഞെടുപ്പ് ഓഫീസുകളിൽ ഒരു കൊടിയും ഒരു ബാനറും മാത്രമേ പാടുള്ളു. പൊതുയോഗം നടത്തണമെങ്കിൽ റിട്ടേണിങ്, അസി. റിട്ടേണിങ് ഓഫീസർ എന്നിവരുടെ അനുമതി വാങ്ങിക്കണം. അതിന്റെ ചെലവും സ്ഥാനാർത്ഥി വഹിക്കണം. കുടുംബയോഗവും നിരീക്ഷണത്തിൽപ്പെടുത്തുകയും അതിന്റെ ചെലവ് രേഖപ്പെടുത്തുകയും ചെയ്തേക്കാം. മൈക്ക് ഉപയോഗിക്കാനുള്ള അനുമതി പൊലീസിൽനിന്ന് നേരത്തെ വാങ്ങിയിരിക്കണം. തുടങ്ങിയവയാണ് രാഷ്ട്രീയ കക്ഷികളെ അമ്പരപ്പിച്ച ചട്ടങ്ങളിൽ പ്രധാനപ്പെട്ടവ.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ പറഞ്ഞുകൊണ്ടിരിക്കുകയും രാഷ്ട്രീയകക്ഷികൾ നടപ്പിലാക്കാത്തതുമായ ലംഘനങ്ങളെക്കുറിച്ചും കമ്മീഷൻ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലത്തെ പ്രചാരണസാമഗ്രികൾ ഉടൻ നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും കർശന നിർദേശം നൽകിയിരുന്നു. സ്വകാര്യ സ്ഥലത്ത് ബോർഡുകൾ ഫ്ലക്സുകൾ തുടങ്ങിയവ സ്ഥാപിക്കണമെങ്കിൽ ഉടമയുടെ അനുമതി വേണം. അനുമതി വാങ്ങാതെയാണ് സ്ഥാപിക്കുന്നതെങ്കിൽ നടപടിയെടുക്കും.
ഫ്ലക്സ് വിലക്ക് കർശനമായി പാലിക്കുക. 10,000 രൂപയിൽ കൂടുതലുള്ള എല്ലാ ഇടപാടും ചെക്ക്, ഇ-ട്രാൻസ്ഫർ വഴി ആക്കുക. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന പരമാവധി തുക 50,000 രൂപയാണ്. അതിനുമേലെ കയ്യിൽ സൂക്ഷിക്കുകയാമെങ്കിൽ അത് പിടിച്ചെടുക്കാവുന്നതാണ്. പോസ്റ്റർ, ബാനർ എന്നിവയിൽ പ്രിന്റർ, പ്രസ് എന്നിവയുടെ മേൽവിലാസം ബന്ധപ്പെടാനുള്ള നമ്പർ എന്നിവ ഉണ്ടായിരിക്കണം.