യുപിയിൽ എസ്‌പി-ബിഎസ്‌പി സഖ്യം വിട്ട് നിഷാദ് പാർട്ടി ബിജെപിക്ക് ഒപ്പം

By Web TeamFirst Published Mar 30, 2019, 10:01 AM IST
Highlights

ഗോരഖ്‌പുരിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ എസ്‌പിക്ക് കരുത്തായത് നിഷാദ് പാർട്ടിയുടെ പിന്തുണയായിരുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്താൻ കൈകോർത്ത എസ്‌പിക്കും ബിഎസ്‌പിക്കും കനത്ത തിരിച്ചടി. ഇവർക്കൊപ്പം സഖ്യത്തിൽ ചേർന്ന നിഷാദ് പാർട്ടി ദിവസങ്ങൾക്കുളളിൽ സഖ്യം വിട്ട് പുറത്തുപോയി. ഇവർ ബിജെപിയ്ക്ക് ഒപ്പം നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം.

പാർട്ടി തലവൻ സഞ്ജയ് നിഷാദിന് മഹാരാജ്‌ഗഞ്ച് മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിത്വം നൽകാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ സഖ്യം വ്യക്തമാക്കിയതോടെയാണ് പാർട്ടി സഖ്യം വിട്ടത്. സഞ്ജയ് നിഷാദും മകനും ഗോരഖ്‌പുർ മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി എംപിയുമായ പ്രവീൺ നിഷാദും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് പതിറ്റാണ്ടായി ബിജെപി കൈവശം വച്ചിരുന്ന സീറ്റിലാണ് പ്രവീൺ നിഷാദിലൂടെ എസ്‌പി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വിജയം നേടിയത്.

പ്രവീൺ നിഷാദ് മത്സരിച്ചതിനാൽ തന്നെ, സഞ്ജയ് നിഷാദ് തന്റെ പാർട്ടിയുടെ പൂർണ്ണ പിന്തുണ എസ്‌പിക്ക് വാഗ്ദാനം ചെയ്തിരുന്നു. ഈ സീറ്റിൽ വിജയം കൈവരിക്കാൻ എസ്‌പിക്ക് സാധിച്ചത് നിഷാദ് പാർട്ടിയുടെ പിന്തുണ കൊണ്ട് കൂടിയാണ്. ഇതിന് ശേഷം യുപിയിൽ അഖിലേഷ് യാദവും മായാവതിയും ബിജെപിക്ക് എതിരെ കൈകോർക്കാൻ തീരുമാനിച്ചതിന് പിന്നിലും നിഷാദ് പാർട്ടി നിർണ്ണായക പങ്ക് വഹിച്ചിരുന്നു. 

എന്നാൽ നിഷാദ് പാർട്ടിയുടെ മികവ് കൊണ്ടല്ല ഗോരഖ്‌പുറിൽ വിജയിച്ചതെന്നും അതിന് കാരണക്കാരൻ അഖിലേഷ് യാദവാണെന്നുമാണ് എസ്‌പിയുടെ വാദം. നിഷാദ് പാർട്ടിയുടെ പിന്മാറ്റം പ്രതിപക്ഷ സഖ്യത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും അവർ വ്യക്തമാക്കി.

 

click me!