മറുകണ്ടം ചാടിയ ടോം വടക്കന് ബിജെപിയില്‍ സീറ്റില്ല

By Web TeamFirst Published Mar 21, 2019, 8:54 PM IST
Highlights

കൊല്ലം സീറ്റില്‍ ടോം വടക്കന്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും  കെ വി സാബുവിന്‍റെ പേരാണ് ഒടുവില്‍ പ്രഖ്യാപിച്ചത്. ഇതോടെ ആ സീറ്റും നഷ്ടമായി. 

തിരുവനന്തപുരം: ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ കേരളത്തില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും പ്രഖ്യാപിച്ച 13 സീറ്റിലും ആ പേരില്ല. തൃശൂരില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹം ടോം വടക്കന്‍ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നെങ്കിലും ഇത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വടക്കന്‍ പാളയം മാറിയതെന്നാണ് അന്ന് ഉയര്‍ന്ന ആരോപണം. ഇപ്പോള്‍ ബിജെപിയിലും ആഗ്രഹിച്ച സീറ്റ് ടോം വടക്കന് നഷ്ടമായി. 

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നതിനിടെ ടോം വടക്കൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ കണ്ടിരുന്നു. ഒരു ഉപാധിയും ഇല്ലാതെയാണ് ബിജെപിയിലേക്ക് വന്നതെന്നും സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും പറയുമ്പോഴും പാര്‍ട്ടി പറഞ്ഞാൽ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ടോം വടക്കന്‍ നിലപാടെടുത്തത്. 

കോണ്‍ഗ്രസില്‍ നിന്നപ്പോഴും മറുകണ്ടം ചാടി ബിജെപിയില്‍ വന്നപ്പോഴും തൃശ്ശൂരോ ചാലക്കുടിയോ ആയിരുന്നു വടക്കന്‍റെ ലക്ഷ്യം. എന്നാല്‍ തൃശ്ശൂര്‍ സീറ്റിലേക്ക് സുരേന്ദ്രനേയും വെട്ടി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ആണ് അമിത് ഷാ നിയോഗിച്ചത്. കഴിഞ്ഞ തവണ എറണാകുളത്ത് മത്സരിച്ച എ എന്‍ രാധാകൃഷ്ണന്‍ ആര്‍എസ്എസ് വഴി ചാലക്കുടിക്ക് വേണ്ടി ആദ്യമേ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇതോടെ കൊല്ലം സീറ്റില്‍ ടോം വടക്കന്‍ എന്ന തീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വമെത്തി. എന്നാല്‍ കൊല്ലത്ത് കെ വി സാബുവിന്‍റെ പേരാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത്. ഈ തീരുമാനം കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെ ആ സീറ്റും ടോം വടക്കന് നഷ്ടമായി. 

പത്തനംതിട്ട മണ്ഡലം ഒഴിച്ചിട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഈ സീറ്റില്‍ പ്രമുഖ നേതാക്കളെയെല്ലാം വെട്ടി സുരേന്ദ്രന്‍ സാധ്യത ഉറപ്പിച്ച സാഹചര്യത്തില്‍ അവിടെയും ടോം വടക്കന് സീറ്റ് ലഭിച്ചേക്കില്ല. എന്നാല്‍ കേരളത്തില്‍നിന്ന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വടക്കന്‍റെ പേരില്ലെന്ന് നേരത്തേതന്നെ ശ്രീധരന്‍പിളള വ്യക്തമാക്കിയതാണ്. 

സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമ്പോൾ ടോം വടക്കൻ കോൺഗ്രസിലായിരുന്നു. അതിന് ശേഷമാണ് ദേശീയ നേതൃത്വം ഇടപെട്ട് അദ്ദേഹം ബിജെപി അംഗത്വമെടുത്തത്. ബിജെപി ആസ്ഥാനത്ത് വച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് അദ്ദേഹത്തിന് ബിജെപി അംഗത്വം നല്‍കിയത്.

ബിജെപിയിലേക്ക് ചേക്കേറിയതിന് ശേഷം മറ്റ് നേതാക്കളെയും ബിജെപിയിലെത്തിക്കാനുള്ള ശ്രമം ടോം വടക്കന്‍ നടത്തിയിരുന്നു. എറണാകുളത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ഇടഞ്ഞുനിന്ന കെ വി തോമസിനെ ബിജെപിയിലെത്തിക്കാനുള്ള ചരടു വലികള്‍ ടോം വടക്കന്‍ നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിഷയത്തില്‍ നേരിട്ട് ഇടപെടുകയും സോണിയാ ഗാന്ധി കെ വി തോമസിനോട് സംസാരിക്കുകയും ചെയ്തതോടെ ആ ശ്രമം വിഫലമായി. 
 

click me!