ബിഹാറില്‍ വമ്പന്‍ വിജയം നേടി നിതിഷ്-മോദി-പാസ്വാന്‍ സഖ്യം

By Web TeamFirst Published May 24, 2019, 10:13 AM IST
Highlights

രാഷ്ട്രീയത്തില്‍ ഒരു കാലത്തും സ്ഥിരം ശത്രുക്കള്‍ ഇല്ലെന്ന് തെളിയിച്ച് മോദിയും നിതീഷ് കുമാറും കൈകോര്‍ത്തപ്പോള്‍ വലിയ വിജയമാണ് മുന്നണി സ്വന്തമാക്കിയത്

പറ്റ്ന: ബിഹാറില്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കി ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം.  40 ലോക്സഭാ സീറ്റുകളില്‍ 39 സീറ്റുകള്‍ എന്‍ഡിഎ മുന്നണി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡി ദയനീയ പരാജയം ഏറ്റുവാങ്ങി. ആര്‍ജെഡിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. ബിജെപി 17 സീറ്റുകളും ജെഡിയു 16 സീറ്റുകളും എല്‍ജെപി ആറ് സീറ്റുകളും നേടി.

മത്സരിച്ച ആറു സീറ്റുകളിലും വിജയം നേടി രാംവിലാസ് പാസ്വാന്‍റെ ലോക് ജനശക്തിപാര്‍ട്ടി ശ്രദ്ധ നേടി. 40 സീറ്റുകളില്‍ 6 സീറ്റുകള്‍ എല്‍ജെപിക്ക് വിട്ടു കൊടുത്ത് ബാക്കി സീറ്റുകള്‍ തുല്യമായി വീതിച്ചാണ് ബിജെപിയും-ജെഡിയുവും മത്സരിച്ചത്. രാഷ്ട്രീയത്തില്‍ ഒരു കാലത്തും സ്ഥിരം ശത്രുക്കള്‍ ഇല്ലെന്ന് തെളിയിച്ച് മോദിയും നിതീഷ് കുമാറും കൈകോര്‍ത്തപ്പോള്‍ വലിയ വിജയമാണ് മുന്നണി സ്വന്തമാക്കിയത്. മത്സരിച്ച 17 സീറ്റുകളിലും ബിജെപി വിജയിച്ചു. കഴിഞ്ഞ തവണ രണ്ടു സീറ്റുകള്‍ മാത്രം നേടിയ ജെഡിയു ഇത്തവണ  16 സീറ്റുകള്‍ നേടി.

സംസ്ഥാനത്തെ പ്രതിപക്ഷത്തിന്‍റെ ഐക്യമില്ലായ്മയാണ് വലിയ വിജയം ബിജെപി സഖ്യത്തിന് നേടിക്കൊടുത്തത്. ഇതോടൊപ്പം ലാലുപ്രസാദ് യാദവ് ജയിലിലായതും നേതൃസ്ഥാനത്തെത്തിയ മക്കള്‍ പരസ്പരം പോരടിച്ചതും ആര്‍ജെഡിക്ക് വിനയായി. 

സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു ബെഗുസാര. ഇവിടെ ബിജെപിയുടെ കേന്ദ്രമന്ത്രിയായ ഗിരിരാജ് സിംഗ് സിപിഐയുടെ യുവ നേതാവ് കനയ്യ കുമാറിനെ പരാജയപ്പെടുത്തി. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടനും സിറ്റിംഗ് എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ പറ്റ്ന സാഹിബ് മണ്ഡലത്തില്‍ പരാജയപ്പെട്ടു. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് മണ്ഡലത്തില്‍ വലിയ വിജയം സ്വന്തമാക്കിയത്. 

click me!