എറണാകുളം ആര്‍ക്കൊപ്പം? പോളിംഗ് തീരുമ്പോള്‍ ആശങ്കയില്‍ മുന്നണികള്‍

By Web TeamFirst Published Apr 24, 2019, 7:44 AM IST
Highlights

തങ്ങളുടെ കോട്ടയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന എറണാകുളത്ത് പോളിംഗ് ശതമാനം ഉയർന്നതാണ് മുന്നണികൾ ഉദ്യോഗത്തോടെ നോക്കുന്നത്. 2014ലെ ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ 73.58 ശതമാനം ആയിരുന്നു പോളിംഗ് നില. 

കൊച്ചി: എറണാകുളത്തെ പോളിംഗ് ശതമാനം ഉയർന്നത് ആർക്കനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികൾ. പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ഉയർന്നത് യുഡിഎഫിന് ആശ്വാസമാണ്. എന്നാൽ താരതമ്യേന പോളിംഗ് ശതമാനം കുറഞ്ഞ കൊച്ചി നഗരത്തിലും തീരദേശമേഖലകളിലുമാണ് ഇടതുമുന്നണി പ്രതീക്ഷ വയ്ക്കുന്നത്. 

തങ്ങളുടെ കോട്ടയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന എറണാകുളത്ത് പോളിംഗ് ശതമാനം ഉയർന്നതാണ് മുന്നണികൾ ഉദ്യോഗത്തോടെ നോക്കുന്നത്. 2014ലെ ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ 73.58 ശതമാനം ആയിരുന്നു പോളിംഗ് നില. അന്ന് യുഡി എഫ് സ്ഥാനാർഥി കെ വി തോമസ് 87000 വോട്ടിന് ജയിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴു നിയമസഭാ മണ്‍ലങ്ങളിലേയും മൊത്തം ശരാശരി 77.15 ശതമാനം ആയിരുന്നു. 

ഏഴു നിയമസഭാ മണ്ഡലങ്ങളിലേയും മൊത്തം വോട്ടുശരാശരിയിൽ യുഡിഎഫിന് തന്നെയായിരുന്നു മേൽക്കൈ. സമാന നിലയിൽ തന്നെയാണ് ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലും എറണാകുളത്തിന്‍റെ അവസ്ഥ യുഡിഎഫിന്‍റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊക്കെ പഴയ പോളിങ് നില അതേപടിയോ അതിനുമുകളിലേക്കോ എത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ മേൽക്കൈ നേടിക്കൊടുത്ത വ‌ടക്കൻ പറവൂർ, കളമശേരി, തൃക്കാക്കര മേഖലകളിൽ പോളിംഗ് ശതമാനം എൺപതിലെത്തി. ഇത് തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. 

എന്നാൽ പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ പി രാജീവ് ഒപ്പത്തിനൊപ്പമെത്തി എന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ. സിറ്റിങ് എം എൽ എ കൂടിയായ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍റെ സ്വന്തം തട്ടകമായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ പോളിംഗ് താരതമ്യേന ഉയരാതിരുന്നതും ഇതിന്‍റെ ലക്ഷണമാണെന്ന് ഇടതുമുന്നണി വിലയിരുത്തുന്നത്. എൽഡിഎഫിന് സ്വാധീനമുളള വൈപ്പിൻ, കൊച്ചി മേഖലകളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായ വോട്ടിങ് ആവർത്തിച്ചു. 

പരമ്പരാഗത ഇടതുവോട്ടുകൾ തങ്ങൾക്കുകിട്ടെയന്നാണ് എൽ ഡി എഫ് കണക്കുകൂട്ടൽ. എന്നാൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലടക്കം ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ പോളിങ് ശരാശരി ഉയരാൻ ഇടയാക്കിയത്. എന്നാൽ ബിജെ പി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം എത്രവോട്ടുകൾ നേടും എന്നതും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി നേടിയ അരലക്ഷം വോട്ടുകൾ ഇത്തവണ ആരെയൊക്കെ തുണയ്ക്കും എന്നതുമാണ് മുന്നണികളുടെ കണക്കെടുപ്പിനെ വഴിമുട്ടിക്കുന്നത്.

click me!