തെരഞ്ഞെടുപ്പ് യന്ത്രത്തിലെ തകരാര്‍; വ്യാജ വാര്‍ത്തക്ക് പിന്നില്‍ പരാജയ ഭീതിയെന്ന് എംടി രമേശ്

By Web TeamFirst Published Apr 23, 2019, 10:06 PM IST
Highlights

 ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണം എന്ന്  ഉമ്മൻ ചാണ്ടിയും മോദി യന്ത്രം കേരളത്തിലെത്തി എന്ന് സിപിഎം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  പ്രതികരിച്ചു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് യന്ത്രം തകരാറാണെന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് പരാജയ ഭീതി മൂലമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.  വോട്ടർമാരെ ആശങ്കപ്പെടുത്താനും ഭയപ്പെടുത്താനും തെരഞ്ഞടുപ്പ് അട്ടിമറിക്കാനുമാണ് ഇരു മുന്നണികളും  ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടു നിൽക്കുന്നത് വേദനാജനകമാണെന്നും എം.ടി രമേശ് പ്രതികരിച്ചു.
 
വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്  വ്യാജ വാർത്തയാണെന്നത് തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥർ തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്. കോവളത്തെ ഒരു ബൂത്തിൽ നിന്നാണ് ആദ്യം പരാതി ഉയർന്നത്. യുഡിഎഫ് ഏജൻറ്  ആയിരുന്നു പരാതി ഉന്നയിച്ചത്. അതിനു  പിന്നാലെ എൽഡിഎഫിലെയും യുഡിഎഫിലെയും പ്രമുഖ നേതാക്കൾ ഈ വാർത്ത ഏറ്റെടുത്തു.

സംഭവത്തില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ബാലറ്റ് പേപ്പറിലേക്ക് തിരിച്ച് പോകണം എന്ന്  ഉമ്മൻ ചാണ്ടിയും മോദി യന്ത്രം കേരളത്തിലെത്തി എന്ന് സിപിഎം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  പ്രതികരിച്ചു.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ താമര ചിഹ്നമാണ് തെളിയുന്നതെന്ന വ്യാജ വാർത്ത ദീർഘനേരം  പ്രചരിപ്പിക്കുക എന്നത് മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയാണെന്നും എംടി രമേശ് പറഞ്ഞു. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ബി ജെ പി രേഖാമൂലം പരാതി  നൽകിയതായും അദ്ദേഹം അറിയിച്ചു.
 

click me!